കോഴിക്കോട്: സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ബോംബെറിഞ്ഞ് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്ററെ വധിക്കാൻ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയായ ആർ. എസ് എസ് പ്രവർത്തകനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വടകര പുറമേരി സ്വദേശി കൂരാരത്ത് നജീഷ്(40)ആണ് അറസ്റ്റിലായത്. ദുബയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയതിനു പിന്നാലെയാണ് ഇയാളെ പിടികൂടിയത്.
|
2017 ജൂൺ ഒൻപതിന് രാത്രി സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്ററെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി .ടി. സജീവന്റെ നേതൃത്വത്തിലാണ് ഇന്നുരാവിലെ കരിപ്പൂർ വിമാന ത്താവളത്തിൽ വച്ച് ഇയാളെ പിടികൂടിയത്. അക്രമത്തിന് ശേഷം ദുബയിലേക്ക് രക്ഷപെട്ട പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടിസും ബ്ലൂ കോർണർ നോട്ടിസും പുറപ്പെടുവിച്ചിരുന്നു. പാസ്പോർട്ട് കാലാവധി തീർന്നതിനെ തുടർന്ന് പുതുക്കുവാനായി പ്രതി എത്തുമെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ദുബയ് പൊലീസിനെ ദിവസങ്ങൾക്ക് മുൻപ് വീണ്ടും വിവരമറിയിക്കുകയായിരുന്നു.
ഇതേ തുടർന്ന് ദുബയ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു , കേസിലെ ഒന്നാം പ്രതിരൂപേഷിനെയും, രണ്ടാം പ്രതി ഷിജിയെയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇവരും സജീവ ആർ. എസ്.എസ് പ്രവർത്തകരാണ്. വടകര നാരായണ നഗറിലെ ബി.ജെ.പി ഓഫിസ് ആക്രമിക്കപ്പെട്ടതിലുള്ള പ്രതിഷേധം കൊണ്ട് പ്രതികാരം ചെയ്തെതന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. തിരിച്ചറിയൽ പരേഡിന് ശേഷം പ്രതിയെ ജെ.എഫ്.സി.എം (നാല്)കോടതിയിൽ ഹാജരാക്കി.
ദുബയിൽ ഗാർമെന്റ്സ് കമ്പനിയിൽ സൂപ്പർവൈസറായ ഇയാൾ നാട്ടിൽ ഉള്ള സമയത്താണ് കൃത്യത്തിൽ ഏർപ്പെട്ടത്. പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കേസിലെ ഗൂഢാലോചനയടക്കമുള്ളവ തെളിയിക്കാനാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിലെ മാവിന്റെ കൊമ്പിൽ തട്ടി ബോംബ് ചിതറിയതിനാലാണ് അന്ന് ആളപായമുണ്ടാകാതിരുന്നത്. ഡിവൈഎസ്പിയെ കൂടാതെ അന്വേഷണ സംഘത്തിൽ എസ്.ഐമാരായ കെ.മനോജ്, പി.ജിതേഷ്, എഎസ്ഐ സി സന്തോഷ്, സീനിയർ സി.പി.ഒ രാജേഷ്, സി.പി.ഒമാരായ വന്ദന, കെ. ബൈജു എന്നിവരാണ് ഉണ്ടായിരുന്നത്.



