22
Sep 2022
Sat
22 Sep 2022 Sat

ദേശവ്യാപക റെയ്ഡ് നടത്തി 106 പോപുലർ ഫ്രണ്ട് നേതാക്കളെ പിടികൂടിയ എൻഐഎയുടെ റിമാൻഡ് റിപോർട്ടിൽ പോപുലർ ഫ്രണ്ടിനെതിരേ ​ഗുരുതര ആരോപണം. ഇന്ത്യയില് ‍ഇസ് ലാമിക ഭരണം കൊണ്ടുവരാൻ യുവാക്കളോട് ഐഎസിലും ലഷ്കറെ ത്വയ്യിബയിലും അൽഖാഇദയിലും ചേരാൻ പ്രേരിപ്പിച്ചുവെന്നാണ് പ്രത്യേക കോടതി മുമ്പാകെ എൻഐഎ സമർപ്പിച്ച റിമാൻഡ് റിപോർട്ടിലുള്ളതെന്ന് ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപോർട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഇതരമതങ്ങളുമായി ശത്രുത വളർത്തുന്നതിന് പോപുലർ ഫ്രണ്ട് ശ്രമിച്ചുവെന്നും റിപോർട്ടിൽ ആരോപിക്കുന്നു. സർക്കാർ നയങ്ങൾക്കെതിരേ പോപുലർ ഫ്രണ്ട് തെറ്റായ പ്രചാരണങ്ങൾ നടത്തി. സർക്കാരിനും സർക്കാർ സംവിധാനങ്ങൾക്കുമെതിരേ വിദ്വേഷം പ്രചരിപ്പിച്ചുവെന്നും റിപോർട്ടിൽ ആരോപിക്കുന്നു.

 

ആഭ്യന്തരമന്ത്രാലയത്തിലെ ഭീകരവാദം തടയൽ വിഭാ​ഗം സപ്തംബർ 16നാണ് വിഷയം അന്വേഷിക്കുന്നതിന് എൻഐഎക്ക് നിർദേശം നൽകിയത്. ഇതേത്തുടർന്ന് സപ്തംബർ 19ന് പോപുലർ ഫ്രണ്ട് നേതാക്കളായ കരമന അഷ്റഫ് മൗലവി, അബ്ദുൽ സത്താർ, സാദിഖ് അഹമ്മദ്, ഷിഹാസ്, അൻസാരി പി, എം എം മുജീബ്, നജ്മുദ്ദീൻ, സൈനുദ്ദീൻ ടി എസ്, പി കെ ഉസ്മാൻ, യഹിയ കോയ തങ്ങൾ, സി എ റൗഫ്സ കെ മുഹമ്മദലി, സി ടി സുലൈമാൻ എന്നിവർക്കെതിരേ എൻഐഎ കേസെടുക്കുകയായിരുന്നു.

 

പ്രത്യേക കോടതിയുടെ അനുമതിയോടെ സപ്തംബർ 22ന് വ്യാപകമായി റെയ്ഡ് നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തു. പ്രത്യേക സമുദായത്തിലെ നേതാക്കളെ ലക്ഷ്യമിട്ടുള്ള രേഖകൾ റെയ്ഡിൽ കണ്ടെത്തുവെന്നും റിപോർട്ടിൽ പറയുന്നു. കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനു പുറമേ സമൂഹത്തിൽ രക്തച്ചൊരിച്ചിൽ ഉണ്ടാവുന്നത് തടയുന്നതിനായും വിശദമായ അന്വേഷണം അനിവാര്യമാണെന്നും എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപോർട്ടിൽ ആവശ്യപ്പെടുന്നു.