10.3 ടണ്‍ സ്വര്‍ണവും 15938 കോടി രൂപയും; ദേശസാല്‍കൃത ബാങ്കുകളിലെ തിരുപ്പതി ക്ഷേത്രത്തിന്റെ നിക്ഷേപം വെളിപ്പെടുത്തി ട്രസ്റ്റ്
06-Nov-2022
ദേശസാല്‍കൃത ബാങ്കുകളില്‍ 5300 കോടിയിലേറെ വിലമതിക്കുന്ന 10.3 ടണ്‍ സ്വര്‍ണവും 15938 കോടി രൂപയും നിക്ഷേപമുണ്ടെന്ന് തിരുമല തിരുപ്പതി ക്ഷേത്ര ട്രസ്റ്റ് വെളിപ്പെടുത്തി. ക്ഷേത്രട്രസ്റ്റ് മിച്ചധനം ആന്ധ്രാ സര്‍ക്കാരിന്റെ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നുവെന്ന പ്രചാരണം വ്യാജമാണെന്നും ദേശസാല്‍കൃത ബാങ്കുകളിലാണ് ക്ഷേത്രത്തിന്റെ സ്വര്‍ണവും പണവും നിക്ഷേപിക്കുന്നതെന്നും ട്രസ്റ്റ് വ്യക്തമാക്കി.
ക്ഷേത്രത്തിന് ആകെ 2.26 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടെന്നും ട്രസ്റ്റ് അറിയിച്ചു. 2019ല്‍ വിവിധ ബാങ്കുകളിലായി ക്ഷേത്രത്തിന് 13025 കോടി രൂപയുടെ നിക്ഷേപമാണുണ്ടായിരുന്നത്. ഇതിപ്പോള്‍ 15938 കോടി രൂപയായി വര്‍ധിച്ചുവെന്ന് ട്രസ്റ്റ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ എ വി ധര്‍മ റെഡ്ഡി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7123 ഏക്കര്‍ വരുന്ന 960 വസ്തുവകകളും ക്ഷേത്രത്തിനുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഭക്തജനങ്ങളും സ്ഥാപനങ്ങളും നല്‍കുന്ന സംഭാവനയിലൂടെയാണ് ക്ഷേത്രത്തിന് വരുമാനം ലഭിക്കുന്നതെന്നും ട്രസ്റ്റ് വ്യക്തമാക്കി.