23
Jan 2023
Sat
23 Jan 2023 Sat

ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തില്‍ വച്ച് സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ശങ്കര്‍ മിശ്ര(34)യാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്നാണ് പ്രതി പിടിയിലായത്.
ശങ്കര്‍ മിശ്ര എവിടെയാണെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് ബെംഗളൂരുവില്‍ ഒരു സംഘത്തെ വിന്യസിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും സുഹൃത്തുക്കളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തിയിരുന്നു. ഇത് അന്വേഷണത്തിന് സഹായകമായി.
ഒളിവില്‍ പോയ ദിവസങ്ങളില്‍ മിശ്ര ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു സംഭവം. സംഭവം പുറത്തായത്തോടെ പ്രതി ജോലി ചെയ്തിരുന്ന
യുഎസ് സ്ഥാപനമായ വെല്‍സ് ഫാര്‍ഗോ അയാളെ പുറത്താക്കിയിരുന്നു.
പ്രതി ശങ്കര്‍ മിശ്രയ്ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കര്‍ണാടക സ്വദേശിയാണ് പരാതിക്കാരി. വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിക്കുകയും ജനനേന്ദ്രിയം പ്രദര്‍ശിപ്പിക്കുകയും ചെയ്ത യാത്രക്കാരന് എയര്‍ ഇന്ത്യ 30 ദിവസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>