13
Jan 2023
Tue
13 Jan 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭോപ്പാൽ: മധ്യപ്രദേശിലെ സനാ അലിയെന്ന യുവ ശാസ്ത്രജ്ഞരുടെ ജീവിതം മികച്ചൊരു കരിയർ സ്വപ്‌നം കാണുന്ന ആർക്കും പ്രചോദനമാണ്. ഡ്രൈവറുടെ മകളായാണ് ജനിച്ചത്. കുടുംബത്തിന് വലിയ വരുമാനമില്ല. എന്നാൽ അതെല്ലാം അവഗണിച്ച് പുസ്തകങ്ങൾക്ക് പിന്നാലെ മാത്രം പോയ സന അലി ഇന്ന് ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞയാണ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൽ (ഐ.എസ്.ആർ.ഒ) ടെക്‌നിക്കൽ അസിസ്റ്റന്റായി സന അലി കഴിഞ്ഞദിവസം ജോലിയിൽ പ്രവേശിച്ചു.

സനാ അലി ബി.ടെകും എം.ടെകും പൂർത്തിയാക്കിയ വിധിഷ സാമ്രാട്ട് അശോക ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് (സാതി) എൻജിനീയറിങ് കോളജിലെ പാർട്ട് ടൈം ഡ്രൈവറായി ജോലി നോക്കുകയായിരുന്നു പിതാവ് സാജിദ് അലി. ഉള്ള ആഭരണങ്ങൾ ബാങ്കിൽ പണയംവച്ചും ബന്ധുക്കളിൽനിന്ന് കടംവാങ്ങിയുമാണ് സാജിദ് അലി മകളെ പഠിപ്പിച്ചത്.

പണം ഇല്ലാതിരുന്നിട്ടും മകളെ വായ്പയെടുത്തും കടം വാങ്ങിയും പഠിപ്പിക്കാനുള്ള സാജിദ് അലിയുടെ തീരുമാനത്തെ അൽവാസികളും ബന്ധുക്കളും കളിയാക്കുകയും കുറ്റംപറയുകയുംചെയ്തിരുന്നു. ജോലി ലഭിച്ച് വിവാഹിതയാകുന്നതോടെ അവൾ ഭർത്താവിനൊപ്പം പോകുമെന്നും പിന്നീട് സാമ്പത്തികബാധ്യതയെല്ലാം സാജിദ് അലി വീട്ടേണ്ടിവരുമെന്നും പറഞ്ഞായിരുന്നു ബന്ധുക്കൾ അദ്ദേഹത്തെ പിന്തിപ്പിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ സാജിദ് ഇതെല്ലാം അവഗണിച്ച് മകളെ പഠിപ്പിച്ചു. ബി.ടെക് കഴിഞ്ഞതോടെ സമീപവീടുകളിലെ കുട്ടികൾക്ക് ട്യൂഷൻ എടുത്തും സന അൽപ്പം പോക്കറ്റ് മണി സമ്പാധിച്ചു. എം.ടെക് കഴിഞ്ഞതോടെ കോച്ചിങിനും പോയി. തുടർന്നാണ് മത്സരപരീക്ഷയെഴുതി ജോലി നേടിയത്.

സനാ അലിയുടെ നേട്ടത്തെ പ്രശംസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: ഐ.എസ്.ആർ.ഒയിലെ സതീഷ്ധവാൻ സ്‌പേസ് സെന്ററിൽ ടെക്‌നിക്കൽ അസിസ്റ്റന്റായി നിയമനം ലഭിച്ച വിധിഷയിലെ മകൾ സനാ അലിക്ക് ഹൃദ്യമായ അശംസകൾ. നിങ്ങൾ എല്ലാ പെൺകുട്ടികൾക്കും പ്രചോദനമാണ്. വിജയവും നന്മയും നേരുന്നു.

കേന്ദ്രമന്ത്രിയും മധ്യപ്രദേശിൽ നിന്നുള്ള ബി.ജെ.പി നേതാവുമായ ജ്യോതിരാദിത്യസിന്ധ്യയും സനാ അലിയെ പ്രശംസിച്ചുരംഗത്തുവന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക