|
റായ്പുർ: ഛത്തിസ്ഗഡിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കും വിവേചനങ്ങൾക്കും അറുതിയില്ല. ബസ്തർ വനമേഖലയിൽപ്പെട്ട കാംകേർ, കൊണ്ടാഗവോൺ, നാരായൺപുർ ജില്ലകളിലാണ് കൂടുതൽ വിവേചനങ്ങൾ നടക്കുന്നത്. ഇവിടെ ക്രൈസ്തവരോട് സംസാരിച്ചാൽ പോലും പിഴയാണെന്നും ഇവിടെ സന്ദർശിച്ച സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ടിനോട് പ്രദേശത്തുകാർ പറഞ്ഞു. ഞങ്ങളെ കാണാൻ ഇതുവരെ ആരുംവന്നില്ലെന്നും നിങ്ങളാണ് ആദ്യം എത്തിയതെന്നും കാംകേർ ജില്ലയിലെ ഫാദർ സൈമൺടണ്ടി ബൃന്ദ കാരാട്ടിനോട് പറഞ്ഞു.
അടുത്തിടെ നാരായൺപൂർ, കൊണ്ടഗവോൺ ജില്ലകളിലെ 20 ഓളം ഗ്രാമങ്ങളിൽ വ്യത്യസ്ത സമയങ്ങളിലായി സംഘ്പരിവാർ അഴിച്ചുവിട്ട ആക്രമണങ്ങളിൽ 600 ഓളം കുടുംബങ്ങൾ ഭവനരഹിതരായിരുന്നു. വീടുകൾക്കും ചർച്ചുകൾക്കും നേരെയും വ്യാപക ആക്രമണങ്ങളുണ്ടായി. ഈ സാഹരച്യത്തിലാണ് പ്രദേശം വൃന്ദ സന്ദർശിച്ചത്.
സംഘപരിവാർ സംഘടനയായ ‘ജൻജാതി സുരക്ഷാമഞ്ച്’ പോലെയുള്ളവയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് പാസ്റ്റർമാരും വിശ്വാസികളും ക്രൈസ്തവ സംഘടനാ പ്രതിനിധികളും പറഞ്ഞു. ക്രിസ്മസ്, പുതുവത്സര വേളയിൽ എല്ലാ പരിധികളും വിട്ടു. ഗ്രാമങ്ങളിൽ ക്രൈസ്തവരോട് സംസാരിച്ചാലോ, സഹകരിച്ചാലോ 5000 രൂപ പിഴ ചുമത്തുന്ന നിലയുണ്ടായെന്നും സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാർ ഇക്കാര്യത്തിൽ ശക്തമായി ഇടപെടുന്നില്ലെന്നും അവർ പരാതിപ്പെട്ടു.
2014ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി അധികാരത്തിലേറിയ ശേഷം ഇന്ത്യയിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം റോക്കറ്റ് വേഗതയിൽ ഉയർന്നുവെന്ന് ഇന്റർ നാഷനൽ ക്രിസ്ത്യൻ കൺസേൺ (ഐ.സി.സി) അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളായിരിക്കണമെന്നതാണ് ഹിന്ദുത്വവാദികളുടെ ആവശ്യം. ഇതിനുവേണ്ടിയുള്ള ഹിന്ദുത്വവാദികളുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവസ്ഥ പരിതാപകരമാക്കിയിട്ടുണ്ടെന്നും ജെഫ് കിങ് പറഞ്ഞു.



