|
തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി ‘ ഇന്ത്യ; ദ മോദി ക്വസ്റ്റിയൻ’ പ്രദർശനത്തിനിടെ തിരുവനന്തപുരത്ത് സംഘർഷം. പൂജപ്പുരയിൽ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ നടന്ന പ്രദർശനം തടയനായി ബിജെപി പ്രവർത്തകർ തള്ളിക്കയറി. തുടർന്ന് പ്രവർത്തകകും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ആറുവട്ടം ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാൻ കൂട്ടാക്കാതെ ബിജെപി പ്രവർത്തകർ ഇപ്പോഴും പ്രദേശത്ത് കൂടിനിൽക്കുകയാണ്.
അതേസമയം, വനിതാ പ്രവർത്തകരെ ഉൾപ്പെടെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ വിവി രാജേഷ് ആരോപിച്ചു. ബിബിസി ഡോക്യുമെന്ററി രാജ്യദ്രോഹമാണെന്നും എവിടെ പ്രദർശിപ്പിച്ചാലും തടയുമെന്നും വിവി രാജേഷ് പറഞ്ഞു.
മാനവീയം വീഥിയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രദർശനത്തിൽ തള്ളിക്കയറാൻ യുവമോർച്ച പ്രവർത്തകർ ശ്രമം നടത്തി. ഇരുകൂട്ടരും മുഖാമുഖം വന്നതോടെ, പൊലീസ് യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ശേഷം ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. കൊച്ചിയിൽ കാലടി സർവകലാശാലയിലും പ്രദർശനത്തിന് നേരെ പ്രതിഷേധമുണ്ടായി.



