22
Jan 2023
Wed
22 Jan 2023 Wed

ജയ്പൂര്‍: രാജസ്ഥാനിലെ ‘രണ്ടുകുട്ടിനയം’ കാരണം സര്‍ക്കാര്‍ ജോലി നഷ്ടമാകുമെന്ന് ഭയന്ന് മൂന്നാമത്തെ കുഞ്ഞിനെ കനാലിലെറിഞ്ഞുകൊന്നു. സര്‍ക്കാര്‍ വകുപ്പില്‍ കരാര്‍ ജീവനക്കാരനായ ജവര്‍ലാല്‍ മെഗ്‌വാളും (35) ഭാര്യ ഗീത ദേവി(32)യുമാണ് മൂന്നരമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ എറിഞ്ഞു കൊലപ്പെടുത്തിയത്. ഞായറാഴ്ച ബിക്കാനേര്‍ ജില്ലയിലാണ് സംഭവം. വൈകീട്ടോടെ ബൈക്കിലെത്തിയ ദമ്പതികള്‍ കുഞ്ഞിനെ കനാലിലെറിയുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശത്തുകാര്‍ ഇവരെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ ബൈക്കോടിച്ചു പോയി. നാട്ടുകാര്‍ കുഞ്ഞിനെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലിസ് നടത്തിയ തിരച്ചിലിലാണ് പിന്നീട് ദമ്പതികള്‍ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊലപാതകം ഉള്‍പ്പെടെയുള്ള ഐ.പി.സിയിലെ 302, 120ബി വകുപ്പുകള്‍ പ്രകാരം ദമ്പതികളെ അറസ്റ്റ്‌ചെയ്തു. രണ്ടുകുട്ടികളുള്ളവര്‍ക്ക് മൂന്നാമതും കുഞ്ഞ് ജനിച്ചാല്‍ ‘രണ്ടുകുട്ടിനയം’ അനുസരിച്ച് നിര്‍ബന്ധിത വിരമിക്കലാണ് പതിവ്. ഇക്കാരണത്താലാണ് കുഞ്ഞിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചതെന്ന് ദമ്പതികള്‍ പൊലിസിന് മൊഴിനല്‍കി.