21
Jan 2023
Mon
21 Jan 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: ഓഹരി ഇടപാടുമായി ബന്ധപ്പെട്ട് അമേരിക്കൻ ധനകാര്യ സ്ഥാപനമായ ഹിൻഡൻബർഗും അദാനി ഗ്രൂപ്പും തമ്മിലുള്ള പോര് തുടരുന്നു. ഓഹരി വിപണിയിൽ കൃത്രിമം കാണിച്ചു എന്ന ആരോപണത്തിന് അദാനി ഗ്രൂപ്പ് നൽകിയ വിശദീകരണത്തിന് ഹിൻഡൻബർഗ് കിടിലൻ മറുപടി. ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാവില്ല എന്നാണ് അദാനി ഗ്രൂപ്പിന്റെ 413 പേജുള്ള വിശദീകരണത്തിന് മറുപടിയായി ഹിൻഡൻബർഗ് പറഞ്ഞത്. ഇന്ത്യയുടെ പുരോഗതി അദാനി തടസ്സപ്പെടുത്തുന്നതായും വിദേശത്തെ സംശയകരമായ ഇടപാടുകളെ കുറിച്ച് അദാനി മറുപടി നൽകിയിട്ടില്ലെന്നും ഹിൻഡൻബെർഗ് കുറ്റപ്പെടുത്തുന്നു. അദാനി ഇന്ത്യയിൽ നടത്തുന്നത് കൊള്ളയടിയാണ്. ദേശീയ വാദം ഉയർത്തി തട്ടിപ്പ് മറച്ചുവയ്ക്കാനാകില്ല. വസ്തുതാപരമായ ചോദ്യങ്ങൾ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നുവെന്നും ഹിൻഡൻബർഗ് ആരോപിച്ചു.

413 പേജുള്ള അദാനിയുടെ കുറിപ്പിൽ മറുപടികളുള്ളത് 30 പേജിൽ മാത്രമാണ്.’അദാനി ഗ്രൂപ്പ് അതിന്റെ വളർച്ചയും ചെയർമാനായ ഗൗതം അദാനിയുടെ സമ്പത്തും ഇന്ത്യയുടെ തന്നെ വിജയവുമായി കൂട്ടിയിണക്കാൻ ശ്രമിച്ചു. ഞങ്ങൾ വിയോജിക്കുന്നു. വ്യക്തമായി പറഞ്ഞാൽ, ഇന്ത്യ ഊർജ്ജസ്വലമായ ഒരു ജനാധിപത്യ രാജ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആവേശകരമായ ഭാവിയുമായി ഉയർന്നുവരുന്ന സൂപ്പർ പവർ. എന്നാൽ അദാനി ഗ്രൂപ്പ് ആസൂത്രിതമായി രാജ്യത്തെ കൊള്ളയടിക്കുന്നു. ഇന്ത്യൻ പതാകയിൽ മറഞ്ഞിരുന്നു അദാനി ഗ്രൂപ്പ് ഇന്ത്യയുടെ ഭാവിയെ പിന്നോട്ടടിക്കുന്നു എന്നും ഞങ്ങൾ വിശ്വസിക്കുന്നു.’ ഹിൻഡൻബർഗിന്റ മറുപടി ഇങ്ങനെ.