കൊച്ചി: പ്രമുഖ മതപണ്ഡിതനും പ്രഭാഷകനുമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി (94) നിര്യാതനായി. ആലപ്പുഴ പാനൂരിലെ വസതിയിൽ ആയിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് അഞ്ചിന് പാനൂർ വരവു കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. അമീറുൽ ഖുത്വബാ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
|
1924 ലാണ് വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി ജനിക്കുന്നത് വൈലിത്തറ മുഹമ്മദ് മുസലിയാരാണ് പിതാവ്.
1960കൾ മുതൽ ഇസ്ലാമിക സമൂഹത്തിന്റെ വൈജ്ഞാനിക സായാഹ്നങ്ങളിലേക്ക് കരുത്തുറ്റ ദാർശനിക ചിന്തകൾ പകർന്നുനൽകിയാണ് വൈലിത്തറ ശ്രദ്ധേയനായത്.
ആദ്യ പ്രഭാഷണം 18ാമത്തെ വയസിലായിരുന്നു. തൃക്കുന്നപ്പുഴ ജ്ഞാനോദയം വായനശാലയുടെ വാർഷികത്തോട് അനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനമായിരുന്നു വേദി. ആത്മവിദ്യാസംഘത്തിന്റെ ആത്മീയ ആചാര്യൻ ആര്യഭട്ട സ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. പ്രസംഗം കഴിഞ്ഞിറങ്ങിയപ്പോൾ ആര്യഭട്ട സ്വാമി കൈപിടിച്ച് അഭിനന്ദിച്ച് പറഞ്ഞു ‘വണ്ടർഫുൾ മാൻ’ എന്ന്. പിന്നീട് നിരന്തരം വേദികൾ ലഭിച്ചു. ഹരിപ്പാട് താമല്ലാക്കൽ 12 ദിവസം നീണ്ടുനിന്ന പ്രഭാഷണമാണ് ആദ്യമായി ചെയ്ത പരമ്പര. മലബാറിലെ ആദ്യ പരിപാടി വടകര ബുസ്താനുൽ ഉലൂം മദ്രസാ വാർഷികമായിരുന്നു. ഇതോടെ മലബാറിലും സജീവമായി.
ആദ്യകാലത്തെ മറ്റൊരു അവിസ്മരണീയ പ്രഭാഷണം കോഴിക്കോട് കുറ്റിച്ചിറ അൻസ്വാറുൽ മുസ്ലിമീൻ മദ്രസയിലേതാണ്. ഏഴു ദിവസത്തേക്കാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ അത് 17 ദിവസം നീണ്ടു. അവസാന ദിവസങ്ങളിൽ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളും കേൾവിക്കാരനായി എത്തി. രാത്രി 10 മണിവരെ മാത്രമാണ് സാധാരണ പ്രഭാഷണം അനുവദിക്കുക. എന്നാൽ അദ്ദേഹത്തിന്റെ പ്രസംഗം പുലർച്ചെ രണ്ടുമണിവരെ നീണ്ടു.
പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ, സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ,പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, കണ്ണിയത്ത് അഹമദ് മുസ്ല്യാർ, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ല്യാർ തുടങ്ങിയവരുമായി വലിയ ആത്മബന്ധം നിലനിർത്തി.
ദേശീയപാതയിൽ തോട്ടപ്പള്ളി മുതൽ പല്ലനയും പാനൂരും വരെ നീണ്ടുകിടക്കുന്ന തീരഭൂമിയിൽ ജാതിമത, കക്ഷിരാഷ്ട്രീയ ഭേദമന്യേ ആർക്കും കടന്നുവരാവുന്നൊരു ഇടമാണ് വൈലിത്തറ വീട്.
ഭാര്യ: പരേതയായ ഖദീജ. അഡ്വ. മുജീബ് റഹ്മാൻ, ജാസ്മി,സുഹൈൽ റഹ്മാൻ, സഹിൽ റഹ്മാൻ, തസ്നിം. മരുമക്കൾ: അബ്ദുൽ മജീദ്, ഹാഷിം മാന്നാർ,ലൈല, ബീന, സജില.



