പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതില്‍ പുനഃപരിശോധനയില്ലെന്ന് സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദന്‍. പി.ബിയുടെ അംഗീകാരത്തോടെയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഇക്കാര്യത്തില്‍ പാര്‍ട്ടി യോഗങ്ങളില്‍ വിമര്‍ശനമുണ്ടായെന്നത് മാധ്യമസൃഷ്ടിയെന്നും ഗോവിന്ദന്‍ പറഞ്ഞു. സെക്രട്ടറിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് ഞങ്ങളെയല്ലാതെ പിന്നെ ആരെ വിമര്‍ശിക്കാനെന്നായിരുന്നു ഗോവിന്ദന്റെ മറുപടി.
|
പരാജയം വിലയിരുത്താന്‍ ഇന്ന് മുതല്‍ ഏരിയ കമ്മിറ്റിയിലേക്ക്
അതേസമയം, തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ഇന്നുമുതല്‍ താഴെത്തട്ടിലേക്ക് സിപിഎം. ഏരിയ കമ്മിറ്റിയില്‍ ഉള്ള വിലയിരുത്തല്‍ ആണ് ഇന്ന് ആരംഭിക്കുന്നത്. നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രൂക്ഷമായ വിമര്‍ശനമാണ് ഇന്നലെ അവസാനിച്ച വിവിധ ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ ഉണ്ടായത്. നേതൃത്വത്തിന്റെ പരാജയവും ഭരണവിരുദ്ധ വികാരവും ധാര്‍ഷ്ട്യവും ശരീരഭാഷയും എല്ലാം പരാജയത്തിന് കാരണമായി എന്നാണ് ജില്ലാ കമ്മിറ്റികളില്‍ ഉയര്‍ന്ന വിമര്‍ശനം.
ഏരിയ കമ്മിറ്റികളിലെ ചര്‍ച്ചകളില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ നേരിട്ട് പങ്കെടുക്കും. എന്നാല്‍ താഴെത്തട്ടില്‍ പ്രവര്‍ത്തനം വേണ്ട രീതിയില്‍ നടന്നില്ലെന്ന് സംശയം ഉയര്‍ത്തുന്ന ചോദ്യാവലി ഏരിയ കമ്മിറ്റി യോഗങ്ങള്‍ക്കു മുമ്പ് സംസ്ഥാന നേതൃത്വം കൈമാറിയിട്ടുണ്ട്. 34 ചോദ്യങ്ങളാണുള്ളത്. നേതൃത്വത്തിന്റെ വീഴ്ച്ചകളോ ഭരണ പരാജയമോ വിലയിരുത്തുന്ന ചോദ്യങ്ങള്‍ കീഴ് ഘടകങ്ങള്‍ക്ക് നല്‍കിയവയില്‍ ഇല്ല.
സര്‍ക്കാരിന്റെ ഗുണ ഫലങ്ങള്‍ അനുഭവിച്ചവരുടെ പ്രത്യേക യോഗങ്ങള്‍ വിളിച്ചിരുന്നോ ഏരിയ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരുന്നു തുടങ്ങിയ ചോദ്യങ്ങളാണ് സംസ്ഥാന നേതൃത്വം കൈമാറിയിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ എത്രത്തോളം പിന്തുണച്ചു, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചോ തുടങ്ങിയ ചോദ്യങ്ങളും ഉണ്ട്.
ജില്ലാ കമ്മിറ്റിയെപ്പോലെ ഏരിയ കമ്മിറ്റികളിലും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്.
CPM will not reconsider its decision to appoint Pinarayi Vijayan as the Leader of the Opposition



