23
Feb 2023
Fri
23 Feb 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ(എം.എൽ.സി) തെരഞ്ഞെടുപ്പിൽ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന സീറ്റിൽ കോൺഗ്രസ് സഖ്യത്തിന് വിജയം. ശിവസേന ഉദ്ധവ് പക്ഷത്തിൻറെയും കോൺഗ്രസിന്റെയും എൻ.സി.പിയുടെയും നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യ സ്ഥാനാർഥി സുധാകർ അദ്ബലെയാണ് ബി.ജെ.പിയുടെ സിറ്റിങ് സീറ്റിൽ വിജയിച്ചത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻറെയും തട്ടകം കൂടിയാണ് നാഗ്പൂർ. നാഗ്പൂർ ടീച്ചേഴ്‌സ് സീറ്റിൽ ബി.ജെ.പി പിന്തുണയുള്ള സ്ഥാനാർഥി നാഗോ ഗനാറിനെ കോൺഗ്രസ് സഖ്യ സ്ഥാനാർഥി സുധാകർ അദ്ബലെ 7,752 വോട്ടിനാണ് തോൽപ്പിച്ചത്.

ആർ.എസ്.എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിൽ കഴിഞ്ഞ 56 വർഷത്തിനിടെ ഇതാദ്യമായി കോൺഗ്രസ് പാർട്ടിയുടെ വലിയ വിജയമാണിത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ എന്നിവരുടെ നഗരം കൂടിയാണ് നാഗ്പൂർ. അതിനാൽ ബി.ജെ.പിക്കെതിരായ കോൺഗ്രസിന്റെ ഈ വിജയത്തിന് വലിയ അർത്ഥമുണ്ട്’- കോൺഗ്രസ് ജനറൽ സെക്രട്ടറി ആശിഷ് ദുവ പറഞ്ഞു.

അധ്യാപകരും ബിരുദധാരികളും ബി.ജെ.പിയെ പാടെ തള്ളിക്കളഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും മഹാ വികാസ് അഘാഡി സഖ്യം വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്’- എൻ.സി.പി നേതാവ് അജിത് പവാർ പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭയുടെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിലെ അഞ്ച് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കൊങ്കൺ, ഔറംഗബാദ്, അമരാവതി, നാസിക് എന്നിവിടങ്ങളിലെ സീറ്റുകളിൽ കൊങ്കൺ ഡിവിഷൻ ടീച്ചേഴ്സ് സീറ്റിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാൻ കഴിഞ്ഞത്.