|
മലപ്പുറം: കാമുകനൊപ്പം ജീവിക്കാൻ മലപ്പുറത്ത് ബിഹാർസ്വദേശിയെ കൊലപ്പെടുത്തി ഭാര്യ. ബീഹാർ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകൻ സൻജിത് പസ്വാൻ (33) ആണ് കഴിഞ്ഞ മാസം 31നാണ് കൊല്ലപ്പെട്ടത്. ഇത് കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ഇയാളുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനം ദേവിയെ (30) ആണ് കൊലക്കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.
പൂനം ദേവിയും വൈശാലി ബക്കരി സുഭിയാൻ സ്വദേശിനിയാണ്. കഴിഞ്ഞ ജനുവരി 31നായിരുന്നു സംഭവം. കോട്ടക്കൽ റോഡ് യാറം പടിയിലെ പി കെ ക്വോർട്ടേഴ്സിൽ രാത്രിയാണ് കൊലപാതകം നടന്നത്. വയറു വേദനയെ തുടർന്നാണ് ഭർത്താവ് മരിച്ചതെന്നാണ് പ്രതി പറഞ്ഞിരുന്നത്. പൊലീസിന്റെ അന്വേഷണത്തിലാണ് ഭാര്യ തന്നെയാണ് ഇയാളുടെ കഴുത്തിൽ സാരി മുറുക്കി കൊല ചെയ്തതെന്ന് തെളിഞ്ഞത്. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് ഇയാളുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റുമോട്ടത്തിൽ സൻജിത്തിന്റെ നെറ്റിയിലും മുഖത്തുമായി പരുക്കുകളും കുരുക്കുമുറുകിയതിനാൽ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചതായി വ്യക്തമായിരുന്നു. തുടർന്ന് പൊലീസ് പൂനം ദേവിയെ ചോദ്യം ചെയ്തു. ഇവർ ഭാര്യവും കുട്ടികളുമുള്ള മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. ഈ വിവരം മനസിലാക്കിയതിനെത്തുടർന്നാണ് തങ്ങളുടെ അഞ്ചു വയസുകാരനായ മകൻ സച്ചിൻ കുമാറുമായി സൻജിത് രണ്ടു മാസം മുമ്പ് വേങ്ങരയിലേക്ക് എത്തിയത്. എന്നാൽ പൂനം ദേവി രഹസ്യ ഫോൺ ഉപയോഗിച്ച് ഈ യുവാവുമായുള്ള ബന്ധം തുടർന്നിരുന്നു. തുടർന്ന് ഭർത്താവ് പൂനത്തിനെ ചോദ്യം ചെയ്തതോടെ ഇയാളെ കൊലപ്പെടുത്താനായി പദ്ധതിയിട്ടു.
ജനുവരി 31ന് രാത്രിയിൽ ഉറങ്ങിക്കിടന്നിരുന്ന സൻജിതിന്റെ കൈകൂട്ടിക്കെട്ടുകയും ഉടുത്ത സാരി കുരുക്കാക്കി മാറ്റുകയും ചെയ്തു. തുടർന്ന് സൻജിത്തിനെ വലിച്ച് താഴെ ഇടുകയുമായിരുന്നു. പിന്നീട് പ്രതി സാരി കഴുത്തിൽ മുറുക്കി ഭർത്താവിന്റെ മരണം ഉറപ്പാക്കി. കഴുത്തിലേയും കയ്യിലേയും കുരുക്കുകൾ അഴിച്ചു മാറ്റുകയും മറ്റുളളവരോട് സൻജിത്തിന് അസുഖമാണെന്നും അറിയിച്ചു. അയൽക്കാർ ചേർന്നാണ് മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.



