|
തിരുവനന്തപുരം: യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ യൂത്ത് കോൺഗ്രസിന്റെ പരാതി. കൊല്ലത്തെ ഫോർ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം 20 മാസത്തോളം താമസിച്ചെന്നും,വാടകയായി 38 ലക്ഷത്തോളം രൂപ നൽകിയെന്നുമാണ് ആരോപണം. ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും വിജിലൻസിനും ഇ.ഡിക്കും നൽകിയ പരാതിയിൽ യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപ്പാർട്ട്‌മെന്റിൽ ചിന്താ ജെറോം ഒന്നേമുക്കാൽ വർഷം താമസിച്ചെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപ്പാർട്ട്‌മെന്റിന്റെ വാടക. ഇതനുസരിച്ച് വാടകയായി 38 ലക്ഷത്തോളം രൂപ ചിന്ത ഹോട്ടലിന് നൽകിയെന്നുമാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.
ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, വിജിലൻസിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിലും പരാതി നൽകി. എന്നാൽ ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചത് അമ്മയുടെ ആയുർവ്വേദ ചികിത്സയ്ക്കായിട്ടാണ് എന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം. പ്രതിമാസം 20,000 രൂപയാണ് മാസവാടക നൽകിയതെന്നും ചിന്ത പറയുന്നു. തനിക്ക് വീടുപണി നടക്കുന്നതിനാലാണ് താനും കുടുംബവും റിസോർട്ടിൽ കഴിയുന്നതെന്നും ചിന്ത പറഞ്ഞു.



