|
കണ്ണൂര്‍: കണ്ണൂരില്‍ എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം അധ്യാപികയിലേക്ക്. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സഹപാഠി നടത്തിയ വെളിപ്പെടുത്തലുകളിലാണ് അധ്യാപികയുടെ പങ്ക് പുറത്ത് വന്നത്. മരിച്ച റിയയുടെ കൈയ്യില്‍ നിന്നും മഷി ഡെസ്‌കിലും ചുമരിലും ആയതിനാല്‍ അധ്യാപിക ശകാരിച്ചുവെന്നും പിഴയായി 25000 രൂപ ആവശ്യപ്പെട്ടെന്നും സഹപാഠി പറഞ്ഞു. റിയയുടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗത്വം റദ്ദാക്കുമെന്നും അധ്യാപിക പറഞ്ഞിരുന്നു. ഇതില്‍ മനം നൊന്താണ് റിയ വീട്ടിലേക്ക് പോയതെന്നും സഹപാഠി പറഞ്ഞു. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രതികരിച്ചില്ല. കേസില്‍ റിയയുടെ ആത്മഹത്യാ കുറിപ്പില്‍ പേരുള്ള അധ്യാപികയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പെരളശ്ശേരി എ കെ ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാംക്ലാസുകാരി റിയ പ്രവീണിനെ അധ്യാപിക ശകാരിച്ചത്. പെന്നിലെ മഷി ഡെസ്‌കിലും ചുരവിലും തേച്ചതായിരുന്നു കാരണം. പെന്നില്‍ നിന്നും കയ്യിലേക്ക് പടര്‍ന്നപ്പോള്‍ അറിയാതെ പറ്റിയതാണെന്ന് കുട്ടി പറഞ്ഞുവെങ്കിലും അധ്യാപിക ശകാരം നിര്‍ത്തിയില്ല. രക്ഷിതാക്കളെ വിളിച്ചാല്‍ മാത്രമേ ക്ലാസില്‍ കയറ്റൂവെന്ന് അധ്യാപിക പറഞ്ഞതോടെ കുട്ടി സമ്മര്‍ദ്ദത്തിലായി.
വൈകീട്ട് വീട്ടിലെത്തിയ എട്ടാം ക്ലാസുകാരി അധ്യാപികയുടെയും സഹപാഠിയുടെയും പേരെഴുതി വെച്ച് കിടപ്പുമുറിയിലെ ജനലില്‍ ഷാള്‍ കുരുക്കി ആത്മഹ്യ ചെയ്യുകയായിരുന്നു. ഐവര്‍മഠം സ്വപ്നക്കൂട് വീട്ടില്‍ പ്രവീണിന്റെ മകളായ പതിമൂന്ന് കാരി പഠനത്തില്‍ മിടുക്കിയായിരുന്നു. അധ്യാപികയുടെ മൊഴിയെടുത്ത ശേഷം കേസ് വിശദമായി അന്വേഷിക്കുമെന്ന് ചക്കരക്കല്‍ പൊലീസ് അറിയിച്ചു.



