22
Feb 2023
Mon
22 Feb 2023 Mon

എറണാകുളം: തൃശൂർ ജില്ലയിലെ തലപ്പള്ളി താലൂക്കിൽ ചെറുതുരുത്തി നൂറുൽഹുദാ യതീംഖാനയ്ക്ക് അവകാശപ്പെട്ട അഞ്ച് ഏക്കർ വഖ്ഫ് ഭൂമി കേരള കലാമണ്ഡലത്തിന് നൽകാനുള്ള നിയമ വിരുദ്ധ തീരുമാനം റദ്ദാക്കണമെന്ന് മൈനോറിറ്റി റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈമാസം ഒന്നിന് വഖ്ഫ് മന്ത്രി വി.അബ്ദുറഹിമാൻ മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ വകുപ്പ് സെക്രട്ടറിമാരായ മിനി ആന്റണി, എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവരുൾപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വഖ്ഫ് ഭൂമി വിട്ടുനൽകാൻ തീരുമാനിച്ചത്. വഖ്ഫ് ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന ചട്ടങ്ങൾ ലംഘിച്ചാണ് ഈ നടപടി. ബന്ധപ്പെട്ട വഖ്ഫ് സ്ഥാപനമോ വഖഫ് ബോർഡോ അറിയാതെ നിലവിലുള്ള കേന്ദ്ര വഖ്ഫ് നിയമത്തിനും ചട്ടങ്ങൾക്കും വിരുദ്ധമായി എടുത്ത തീരുമാനം ന്യൂനപക്ഷ വിദ്യാഭ്യാസ സേവന സ്ഥാപനങ്ങൾക്കും അവയുടെ സ്വത്തുവകക്കും നേരെയുള്ള പരസ്യമായ കടന്നുകയറ്റമാണ്.

1978 മെയ് 12ന് മുസ്‌ലിംകളുടെ മതപരവും ധാർമികവുമായ ആവശ്യങ്ങൾക്കു വേണ്ടി അന്നത്തെ യതീംഖാന കമ്മിറ്റി പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കോയാമു ഹാജി വഖഫ് ആയി എഴുതിക്കൊടുത്തതാണ് ഈ ഭൂമി. വള്ളത്തോൾ നഗറിലെ കലാമണ്ഡലത്തോട് ചേർന്നു കിടക്കുന്ന യതീംഖാനയുടെ ഉടമസ്ഥതയിലുള്ള ഈ ഭൂമിയാണ് സർക്കാർ ഇപ്പോ ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. അന്യായവും ന്യൂനപക്ഷ വിരുദ്ധവുമായ ഈ തീരുമാനം എത്രയും വേഗം റദ്ദാക്കി അനാഥാലയത്തിനും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനത്തിനുമെതിരായ നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് മൈനോറിറ്റി റൈറ്റ്സ് വാച്ച്, സെൻട്രൽ സോൺ ചാപ്റ്റർ യോഗം ആവശ്യപ്പെട്ടു.

ജനറൽ കൺവീനർ പി.എം.മാഹിൻ ചർച്ചക്ക് നേതൃത്വം നല്കി. ഷാജഹാൻ കാക്കനാട് , ഹാരിസ് കോയ, പി.എ.കുഞ്ഞു തൃശൂർ, എം.വി.ശക്കീൽ, അബ്ബാസ് പാടൂർ,നിസാർ അഴിക്കോട്, അയ്യൂബ് കരീം, സിയാദ്, നദീം ബിൻ കരീം എന്നിവർ പങ്കെടുത്തു.