|
കാൻപുർ: ഉത്തർപ്രദേശിലെ കാൻപുരിൽ അനധികൃത കയ്യേറ്റങ്ങളുടെ പേരിൽ വീട് ഒഴിപ്പിക്കാൻ ബുൾഡോസറെത്തിയിരിക്കെ വീട്ടിനുള്ളിൽ സ്വയം തീക്കൊളുത്തി അമ്മയും മകും ജീവനൊടുക്കി. പ്രമീള ദീക്ഷിത്, നേഹ ദീക്ഷിത് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ 13 പേർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സബ് ഡിവിഷനൽ മജിസ്ട്രേറ്റ്, സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ), ബുൾഡോസർ ഓപ്പറേറ്റർ തുടങ്ങിയവർക്കെതിരെയാണ് കേസ്. ഇരുവരുടെയും മരണത്തിനു പിന്നാലെ പൊലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
കാൻപുരിലെ റൂറ പ്രദേശത്തുള്ള ഗ്രാമത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ഇവിടെ സർക്കാർ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടവും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും എത്തിയപ്പോഴായിരുന്നു സംഭവം. അതേസമയം, മുൻകൂട്ടി അറിയിക്കാതെയാണ് അധികൃതർ ഒരു സുപ്രഭാതത്തിൽ ബുൾഡോസറുമായി എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.
ആളുകൾ അകത്തു നിൽക്കെ അവർ വീടുകൾക്കു തീയിട്ടു. ഞങ്ങളൊക്കെ അതിനിടെ കഷ്ടിച്ചു രക്ഷപ്പെട്ടവരാണ്. ഞങ്ങളുടെ ക്ഷേത്രവും അവർ തകർത്തു. ഞങ്ങൾക്കായി ആരും ഒന്നും ചെയ്തില്ല. ജില്ലാ മജിസ്ട്രേറ്റ് പോലും ഇടപെട്ടില്ല. എല്ലാവരും ഓടി രക്ഷപ്പെട്ടു. എന്റെ അമ്മയെ രക്ഷിക്കാൻ ആരുമുണ്ടായില്ല- മകൻ ശിവം ദീക്ഷിത് പറഞ്ഞു.
ഇരുവരും വീടിനകത്തു കയറി സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ”ഒരു സ്ത്രീയും അവരുടെ മകളും വീടിനുള്ളിൽ കയറി സ്വയം തീകൊളുത്തിയെന്നാണ് നമുക്കു ലഭിക്കുന്ന വിവരം. വീടിനു തീപിടിച്ചതിനൊപ്പം അവരും വെന്തു മരിച്ചു. ഞങ്ങൾ സ്ഥലത്തുണ്ട്. മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും. സംഭവത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയാൽ പിടികൂടുകയും ചെയ്യും. സാധാരണ ഗതിയിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ വിഡിയോ പകർത്തുന്ന പതിവുണ്ട്. ഇവിടെയും വിഡിയോ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്’ ജില്ലാ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.
സംഭവം പ്രദേശത്ത് വലിയ തോതിൽ പ്രക്ഷോഭങ്ങൾക്കിടയാക്കിയിട്ടുണ്ട്.



