ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് കുടുംബം ദീപിക നഗറിനെ വിവാഹം കഴിപ്പിച്ചയച്ചത്. എന്നാല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭര്‍തൃവീട്ടിലെ പീഡനം മൂലം യുവതി ജീവനൊടുക്കി. ഡല്‍ഹിയിലെ ഗ്രേറ്റര്‍ നോയിഡിയിലാണ് സംഭവം. 25കാരിയായ ദീപിക ഭര്‍തൃവീട്ടിലെ പീഡനം താങ്ങാനാവാതെയാണ് മരിച്ചത്. കെട്ടിടത്തിനു മുകളില്‍ നിന്ന് വീണുമരിച്ച നിലയിലാണ് യുവതിയെ കണ്ടത്. അതേസമയം സംഭവത്തില്‍ ഋതിക്കും ഇയാളുടെ അച്ഛന് മനോജും അറസ്റ്റിലായി.
|
11 ലക്ഷം രൂപ പണമായും 50 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും സ്കോര്‍പ്പിയോ കാറും ഗൃഹോപകരണങ്ങളും നല്കി 2024 ഡിസംബറില്‍ ആയിരുന്നു ദീപികയെ ഋതിക് തന്‍വാറിന് വിവാഹം ചെയ്തു നല്‍കിയത്. ഫോര്‍ച്യൂണര്‍ കാറും 51 ലക്ഷം രൂപയും ഇനിയും വേണമെന്നാണ് യുവതിയോട് ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടത്.
വിവാഹം കഴിഞ്ഞ് നാലു മാസം ആവുമ്പോഴേക്കും ഭര്‍തൃവീട്ടുകാരുടെ സ്ത്രീധന പീഡനം തുടങ്ങിയിരുന്നു. മാനസികമായും ശാരീരികമായുമുള്ള പീഡനം താങ്ങാനാവാതെ യുവതി മരിക്കുന്നതിനു മുമ്പ് മാതാപിതാക്കളെ വിളിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ ദീപികയുടെ അച്ഛന് സഞ്ജയ് നഗറും ഏതാനും ബന്ധുക്കളും ഋതിക്കിന്റെ വീട്ടിലെത്തി പ്രശ്നപരിഹാരത്തിനായി സംസാരിക്കുകയും ചെയ്തിരുന്നു. ഇവര്‍ മടങ്ങി മണിക്കൂറുകള്‍ക്കു ശേഷമാണ് ദീപിക കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയെന്ന വിവരം അറിയിക്കുന്നത്.
മകള്‍ ചാടിമരിച്ചതല്ലെന്നും ഭര്‍തൃവീട്ടുകാര്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് എറിഞ്ഞുകൊല്ലുകയായിരുന്നുവെന്നും ദീപികയുടെ അച്ഛന് പറഞ്ഞു. മകളുടെ വയറ്റില്‍ കത്തിയോ സ്ക്രൂഡ്രൈവറോ ഉപയോഗിച്ചു കുത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.



