22
Feb 2023
Mon
22 Feb 2023 Mon

കണ്ണൂർ: ബജറ്റിലെ നികുതി വർധവനിതെരിയാ സമരങ്ങളുടെ ഭാഗമായി കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. കണ്ണൂർ ചുടലയിലും പരിയാരം പോലീസ് സ്‌റ്റേഷന് മുന്നിലുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂർ ചീമേനി ജയിലിലെ കെട്ടിട ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പോകുമ്പോഴായിരുന്നു പ്രതിഷേധം. പരിയാരം പൊലീസ് സ്റ്റേഷനു മുന്നിൽ കരിങ്കൊടി കാണിച്ച ആറു പേരും പൊലീസിന്റെ പിടിയിലായി.

മുഖ്യമന്ത്രിയുടെ യാത്ര പരിഗണിച്ച് കണ്ണൂരിൽ ഇന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഏഴു യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് കരുതൽ തടങ്കലിലാക്കിയത്. തളിപ്പറമ്പിലും പയ്യന്നൂരിലുമായാണ് ഏഴുപേരെ കരുതൽ തടങ്കലിലാക്കിയത്.

മുഖ്യന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള സാധ്യത പരിഗണിച്ചാണ് പൊലീസിന്റെ നടപടി. കാസർകോട് യൂത്ത് കോൺ?ഗ്രസ് നേതാവ് ഉമേഷ് കാട്ടുകുളങ്ങരയെ പൊലീസ് കരുതൽ തടങ്കലിലാക്കി. കാസർകോട് മുഖ്യമന്ത്രിക്ക് ഇന്ന് അഞ്ച് പൊതു പരിപാടിയാണുള്ളത്. പ്രതിഷേധം കണക്കിലെടുത്ത് കാസർകോടും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി കാസർകോട് 911 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. കാസർകോട് ജില്ലയ്ക്ക് പുറമെ, സമീപ നാലു ജില്ലകളിൽ നിന്നുള്ള പൊലീസുകാരെ കൂടി സുരക്ഷാ ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുണ്ട്. 14 ഡിവൈഎസ്പിമാർക്കാണ് സുരക്ഷാ ചുമതല. കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.