23
Feb 2023
Sat
23 Feb 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: വിവാഹം ചെയ്യാമെന്ന് പോലിസ് സാന്നിധ്യത്തില്‍ ഉറപ്പ് നല്‍കിയ യുവാവ് വിവാഹ ദിവസം ഫോണ്‍ ഓഫ് ആക്കി മുങ്ങിയ മനോവിഷമത്തില്‍ 23കാരി ജീവനൊടുക്കി. കൊല്ലം കടയ്ക്കല്‍ ഇട്ടിവ വട്ടപ്പാട് മധു ഭവനില്‍ ധന്യ (23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ധന്യയെ വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ കുളിമുറിയില്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കൊല്ലം അഞ്ചല്‍ അതിശയമംഗലം സ്വദേശി അഖിലുമായി ധന്യ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇക്കഴിഞ്ഞ 15ന് ധന്യയെ വീട്ടില്‍ നിന്ന് കാണാതായിരുന്നു.
തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് ധന്യ അഖിലിനൊപ്പമുണ്ടെന്ന് കണ്ടെത്തി. വീട്ടുകാരുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാമെന്ന് അഖില്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതോടെ ധന്യ വീട്ടുകാര്‍ക്ക് ഒപ്പം പോയി. വ്യാഴാഴ്ച ധന്യയും വീട്ടുകാരും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടി ഇട്ടിവാ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിയെങ്കിലും അഖില്‍ എത്തിയില്ല.
തുടര്‍ന്ന് പല തവണ അഖിലിന്റെ ഫോണില്‍ ധന്യയും വീട്ടുകാരും ബന്ധപ്പെട്ടെങ്കിലും ഫോണ്‍ ഓഫ് ആക്കിയ നിലയിലായിരുന്നു. ഏറെ നേരം കഴിഞ്ഞും അഖിലിന്റെ വിവരം ഒന്നും ലഭിക്കാത്തതിനാല്‍ ധന്യയുമായി വീട്ടുകാര്‍ മടങ്ങി. ഇതിന്റെ മനോവിഷമത്തില്‍ ധന്യ ആത്മഹത്യ ചെയ്‌തെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ധന്യയുടെ അമ്മ റീന വിദേശത്താണ്. മുത്തശിക്കൊപ്പം ആണ് ധന്യ താമസിച്ചിരുന്നത്. സംഭവത്തില്‍ കടയ്ക്കല്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഖില്‍ ഒളിവിലാണ്.