|
പാലക്കാട്: വയോധികനെ കൂട്ടികൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പാലക്കാട് മീനാക്ഷിപുരം മുൻ എസ്.എച്ച്.ഒ ലിബിക്കെതിരെയാണ് നടപടി. നേരത്തെ മമയക്കുമരുന്ന് കേസിൽ അറസ്റ്റിലായ യുവാവിനെയും ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയിരുന്നു.
പാലക്കാട് റോഡരികിൽ ചായക്കട നടത്തുന്ന വയോധികനെ സമീപത്തെ ക്വാർട്ടേഴ്‌സിലേക്ക് സ്ഥിരമായി വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കുന്നത് ഇയാളുടെ പതിവായിരുന്നു. വയോധികന്റെ മകന് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. ഇതോടെ മകൻ പോലീസിൽ പരാതി നൽകുകയായിരുന്നു.
ചായക്കട നടത്തുന്ന വയോധികനെ ഭീഷണിപ്പെടുത്തിയാണ് പ്രതി കോട്ടേഴ്സിലെത്തിച്ചിരുന്നത്. വരാതിരുന്നാൽ മർദനവും പുറമെ ഭീഷണിയുമായി. ഒരുദിവസം വയോധികന്റെ മകൻ പോലീസുകാരന്റെ മുറിയിലെത്തിയപ്പോൾ അദ്ദേഹം വസ്ത്രങ്ങളൊന്നുമില്ലാതെ നിൽക്കുന്നതാണ് കണ്ടത്.
സ്പെഷ്യൽ ബ്രാഞ്ച് ആണ് കേസന്വേഷിച്ചത്. അന്വേഷണത്തിൽ സമാനമായ കൂടുതൽ സംഭവങ്ങൾ ഉണ്ടായതായും കണ്ടെത്തി. പത്തനംതിട്ട പുത്തൻപീടിക സ്വദേശിയായ ലിബി ഇപ്പോൾ കൊട്ടാരക്കരയിലാണ് താമസം.
അതേസമയം, സസ്‌പെൻഷന് പിന്നാലെ പോലീസുദ്യോഗസ്ഥനായ ലിബി ആത്മഹത്യക്ക് ശ്രമിച്ചു. പാലിയേക്കര ടോൾ പ്ലാസയിലെ വാഹനത്തിരക്കിനു നടുവിൽ മേലാകെ പെട്രോളൊഴിച്ചാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചത്. കാറിൽ നാല് കന്നാസുകളിലായി 20 ലിറ്റർ പെട്രോളുമായി എത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്താൻ ശ്രമിക്കുന്നതിനിടെ അഗ്‌നിരക്ഷാസേനയും പോലീസും ചേർന്നു കാറിന്റെ പിൻഭാഗത്തെ ചില്ലുതകർത്ത് ഉള്ളിലേക്ക് വെള്ളം ചീറ്റിച്ചാണ് വൻദുരന്തം ഒഴിവാക്കിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണു സംഭവം.


