29
Mar 2023
Fri
29 Mar 2023 Fri

പട്‌ന: ബിഹാറില്‍ ബീഫ് കൈവശംവച്ചെന്നാരോപിച്ച് മധ്യവയസ്‌കനെ ഹിന്ദുത്വ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊലപ്പെടുത്തി. സിവന്‍ ജില്ലയിലെ ഹസന്‍പുര പൊലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള എം.എച്ച് നഗര്‍ സ്വദേശി 47 കാരനായ നസീബ് ഖുറേശിയാണ് കൊല്ലപ്പെട്ടത്. ബന്ധുവിനൊപ്പം വീട് സ്ഥിതിചെയ്യുന്ന ഗ്രാമത്തിലേക്ക് പോവുന്നതിനിടെ വഴിയില്‍വച്ച് 10- 15 പേരടങ്ങുന്ന സംഘം വളയുകയും നസീബിനെ നിഷ്‌കരുണം മര്‍ദിക്കുകയുമായിരുന്നു. ജോഗിയ ഗ്രാമമുഖ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് മര്‍ദിച്ചതെന്ന് കൂടെയുണ്ടായിരുന്ന ബന്ധു ഫിറോസ് ഖുറേശി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂര്‍ച്ചയേറിയ ആയുധങ്ങളും വടികളും കൊണ്ടാണ് സംഘം നസീബിനെ മര്‍ദിച്ചത്. സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയി ഫിറോസ് പൊലിസില്‍ പരാതിപ്പെട്ടെങ്കിലും പൊലിസ് വളരെ മോശമായാണ് പെരുമാറിയതെന്നും സ്റ്റേഷനില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതായും യുവാവ് ആരോപിച്ചു. നസീബിനെ രക്ഷിക്കണമെന്നും കണ്ടെത്തണമെന്നും വീണ്ടും ആവശ്യപ്പെട്ടെങ്കിലും പൊലിസ് ഭീഷണിപ്പെടുത്തുകയും, നിന്നെയൊന്നും ചെയ്തില്ലല്ലോ നിനക്കും രണ്ടെണ്ണം കിട്ടാന്‍ അര്‍ഹനാണെന്ന് പറഞ്ഞതായും ഫിറോസ് പറഞ്ഞു. കേസില്‍ സുശീല്‍ സിങ്, രവി ഷാ, ഉജ്വല്‍ ശര്‍മ എന്നീ മൂന്നുപേര്‍ അറസ്റ്റിലായി. ഇവര്‍ക്കെതിരേ കൊലപാതകക്കുറ്റം ഉള്‍പ്പെടെ ചുമത്തി.