ഹൈദരാബാദ്: വിമാനത്തിന്റെ കോക്പിറ്റ് സീറ്റിലേക്കെത്താനുള്ള സയ്യിദ സെൽവ ഫാത്തിമ്മയുടെ വഴികൾ ഒരിയ്ക്കലും എളുപ്പമുള്ളതായിരുന്നില്ല. ആ വഴികൾ മുഴുവനും കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ആ വഴികളിലൂടെ നടന്നാണ് സൈദ ഫാത്തിമ്മ തന്റെ സ്വപ്‌നം പൂർത്തീകരിച്ചത്. തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിലൂടെ ഹൈദരാബാദിൽ നിന്നും ആദ്യമായി പൈലറ്റിന്റെ സീറ്റിലിരിക്കുന്ന ഹിജാബ് ധാരിയായ പെൺകുട്ടിയായി സൈദ ഫാത്തിമ്മ മാറുകയായിരുന്നു.
|
ഹൈദരാബാദിലെ മൊഗൽപുരയിൽ ബേക്കറി കടക്കാരൻ സയ്യിദ് അഷ്ഫാഖ് അഹമ്മദിന്റെ നാലുമക്കളിൽ മൂത്ത കുട്ടിയായാണ് സയ്യിദ സൽവ ഫാതിമ ജനിച്ചത്. ബേക്കറിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് മാത്രം വേണമായിരുന്നു വലിയൊരു കുടുംബത്തിന്റെ ചിലവുകൾ മുന്നോട്ട് പോകുവാൻ. പലപ്പോഴും ഫീസടക്കാനില്ലാതെ പഠനത്തിൽ മിടുക്കിയായ സെൽവ പഠനം നിർത്തേണ്ട സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്. മാലക്‌പെറ്റിൽ പഠിക്കുമ്പോൾ ഫീസടക്കാൻ ബുദ്ധിമുട്ടിയപ്പോൾ പഠനം ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ രണ്ടു വർഷത്തേക്കുള്ള ഫീസ് നൽകി പ്രിൻസിപ്പാളായ അലീഫിയ ഹുസൈനാണ് പഠനം മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചതെന്ന് സെൽവ ഫാത്തിമ്മയുടെ പിതാവ് സൈദ് അഷ്ഫാഖ് അഹമ്മദ് പറയുന്നു. മകളൊരു അദ്ഭുതം നിറഞ്ഞ കുട്ടിയാണെന്നാണ് പിതാവിന്റെ ഭാഷ്യം.
ഒന്നര പതിറ്റാണ്ട് മുമ്പ് വിദ്യാർഥികളുടെ യോഗത്തിൽ ‘എന്റെ ആഗ്രഹം പൈലറ്റ് ആവുകയാണ്’ എന്ന ശബ്ദം കേട്ട് ചടങ്ങിനെത്തിയ പലരും ഹിജാബ് ധരിച്ച പെൺകുട്ടിയെ നോക്കിയതാണ്. പക്ഷേ ആ പെൺകുട്ടി ഒഴികെ മറ്റെല്ലാവരും ആഗ്രഹം അവിടെ വച്ചുമറന്നെങ്കിലും അത് സഫലീകരിക്കും വരെ സൽവക്ക് വിശ്രമമുണ്ടായില്ല. ഒടുവിൽ രാജ്യത്തെ കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയവരുടെ പട്ടികയിൽ സൽവയുടെ പേര് കൂടി ഉൾപ്പെട്ടതോടെ, തീവ്രമായ ആഗ്രഹം ഏതു സ്വപ്‌നവും സാക്ഷാൽകരിക്കുമെന്ന് അവർ തെളിയിച്ചു.
പൈലറ്റ് ലൈസൻസ് സ്വന്തമാക്കാനുള്ള വഴികൾ ഒട്ടും എളുപ്പമായിരുന്നില്ലെന്ന് 34 കാരി സൽവ ഓർക്കുന്നു. പണമില്ലാത്തതിനാൽ പഠനം മുടങ്ങുമോയെന്ന ആശങ്ക പലതവണ ഉണ്ടായി. ഒരിക്കൽ പ്രിൻസിപ്പൽ അലീഫിയ ഹുസൈനും മറ്റൊരിക്കൽ പ്രൊഫ. സംഗീതയും സ്വന്തം പോക്കറ്റിൽനിന്ന് പണമെടുത്ത് കൊടുത്തത് സൽവ മറന്നിട്ടില്ല.
തെലങ്കാന ഏവിയേഷൻ അക്കാദമിയിലെ ആദ്യ വനിതാ ഓഫിസറാണ് സെൽവ. 2012ൽ അക്കാദമിയിൽ പഠനം പൂർത്തിയാക്കി. അടുത്തവർഷം പൈലറ്റ് ലൈസൻസ് സ്വന്തമാക്കി. എന്നാൽ അത് മതിയായിരുന്നില്ല. മൾട്ടി എൻജിൻ വിമാനം പറത്താനുള്ള പരിശീലനവും നേടണം. പ്രായം 24 ആയതിനാൽ വീട്ടുകാർ വിവാഹം കഴിപ്പിച്ചു. വൈകാതെ ഗർഭിണിയായി. ഉന്നതപഠനത്തിന് തെലങ്കാന സർക്കാർ 35 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് അനുവദിക്കുമ്പോൾ സൽവ നാലുമാസം ഗർഭിണിയായിരുന്നു. പിന്നീട് മൾട്ടി എൻജിൻ വിമാനം പറത്താനുള്ള പരിശീലനവും പൂർത്തിയാക്കി.
‘..ഇന്ന് ഞാൻ പൈലറ്റ് സീറ്റിലെത്തി, നിലവിൽ രണ്ട് കുട്ടികളുടെ മാതാവാണ്. ഇളയ മകൾക്ക് ആറുമാസമാണ് പ്രായം. പക്ഷേ കോക്പിറ്റിൽ ആയിരിക്കുമ്പോൾ മറ്റു ചിന്തകളില്ല. ഈ വഴിയിൽ ഞാൻ തനിച്ചല്ല, പലരും ഒത്തൊരുമിച്ച് സഹായിച്ചതാണ് എന്നെ ഈ വഴികളിലേക്ക് നയിച്ചത്’- സൽവ പറയുന്നു.


