എം കെ ഷഹസാദ്
|
തുറമുഖം നല്ലൊരു സിനിമയാണ്. നാടിന്റെ ചരിത്രത്തിലേക്ക് നമ്മളെ കൂട്ടികൊണ്ടുപോവുന്ന സിനിമ. കാട്ടാളന്‍മാര്‍ നാടുഭരിക്കുന്ന കാലത്ത് കാണേണ്ട സിനിമ. ചരിത്രത്തെ ഒരു മരമായി കാണണമെന്ന് ടി വി വേണുഗോപാലന്‍ എന്ന ചരിത്രാധ്യാപകന്‍ പറയുന്നത് കേട്ടിട്ടുണ്ട്. ആ മരത്തിന്റെ വേരുകള്‍ ഭൂതകാലത്തിലാണ് ആഴ്ന്നിറങ്ങിയിരിക്കുന്നതെന്നും വര്‍ത്തമാനം കാണ്ഡമാണെന്നും ശിഖിരങ്ങളും ഇലകളും കായ്ഫലങ്ങളും ഭാവിയാണെന്നും അദ്ദേഹം പറയുന്നു. വേര് എത്രത്തോളം ആഴത്തിലും പരപ്പിലും വ്യാപിച്ചിരിക്കുന്നോ അത്രത്തോളമായിരിക്കും കാണ്ഡത്തിന്റെ ആരോഗ്യവും ഫലത്തിന്റെ അളവും ഗുണവും. തുറമുഖം നമ്മുടെ വേരുകളെ കൂടുതല്‍ ആഴ്ത്താനും വ്യാപിപ്പിക്കാനുമുള്ള ഒരു ചലചിത്രകാരന്റെ ആത്മാര്‍ഥ പ്രയത്‌നമാണ്. ഏതാണ്ടെല്ലാവരും ആ പ്രയത്‌നത്തെ അംഗീകരിക്കുകയും ചെയ്യുന്നു. അതാണ് സിനിമയുടെ വിജയവും.
സിനിമയിലെ കഥാപാത്രങ്ങളില്‍ പലര്‍ക്കും വ്യക്തിത്വം നല്‍കപ്പെടാതിരുന്നത് തുറമുഖത്തിന്റെ പ്രധാന പരിമിതിയായി അവതരിപ്പിക്കപ്പെടുന്നുണ്ട്. അതൊരു പരിമിതിയില്ല, ഭാവിയിലെ സിനിമയിലെ കഥാപാത്രങ്ങളുടെ സ്വഭാവത്തിലേക്ക് വെളിച്ചം വീശുന്ന പരീക്ഷണമാണ് രാജീവ് രവി നടത്തിയിരിക്കുന്നതെന്നാണ് എന്റെ പക്ഷം. വ്യക്തികേന്ദ്രീകൃതമായ ഒരു സമൂഹത്തിലെ സിനിമകള്‍ പൊതുവില്‍ വ്യക്തികളുടെ കഥയാണ് പറയാറ്. വ്യക്തിലൂടെ തന്നെ ചോദ്യങ്ങള്‍ അവതരിപ്പിക്കുകയും നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുന്ന ആഖ്യാനരീതിയാണ് പൊതുവില്‍ നമ്മുടെ സിനിമകള്‍ പിന്തുടരാറ്. എന്നാല്‍ ഈ ആഖ്യാനരീതിയല്ല തുറമുഖം പിന്തുടര്‍ന്നിരിക്കുന്നത്.
തുറമുഖം ഒരു വ്യക്തി പ്രശനത്തെ അവതരിപ്പിക്കുന്ന സിനിമയല്ല. സാമൂഹ്യ പ്രശനത്തെ അവതരിപ്പിക്കുന്ന സിനിമയാണ്. സമൂഹത്തിലെ നന്മയും തിന്മയും തമ്മിലുള്ള ദ്വന്ദത്തിന്റെ യഥാര്‍ഥ അവതരണമാണ് തുറമുഖം. അവിടെ മൂന്ന് തരം വ്യക്തികളെ സിനിമ അവതരിപ്പിക്കുന്നു. എന്നേക്കുമെന്നോണം തിന്മയുടെ പക്ഷത്ത് ഉറച്ചുപോയവര്‍, നന്മ കാംക്ഷിക്കുകയും അതിനുവേണ്ടി പൊരുതുകയും ചെയ്യുന്നോര്‍, തിന്മയില്‍ നിന്ന് നന്മയിലേക്ക് സംക്രമിക്കുന്നവര്‍. ഏത് പക്ഷത്ത് നിലകൊള്ളുന്നോ ആ പക്ഷത്തിന്റെ നീതിബോധം പേറുന്നവരാണ് തുറമുഖത്തെ കഥാപാത്രങ്ങള്‍. അവര്‍ നിലകൊള്ളുന്ന ഇടത്തിന്റെ വ്യക്തിത്വം തന്നേയാണ് അവര്‍ ഓരോരുത്തരുടേയും വ്യക്തിത്വം.
തുറമുഖം, സമൂഹത്തെ പലവിധം ഉള്‍ക്കൊണ്ട ധാരാളം വ്യക്തികളെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഉദാഹരണത്തിന്, സാമൂഹ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വ്യക്തികള്‍ക്ക് പങ്കുണ്ട്. നന്മയെ ഉള്‍ക്കൊണ്ട വ്യക്തിരൂപങ്ങള്‍ രൂപപ്പെടാറുമുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി സമരങ്ങള്‍ സാമൂഹ്യ പ്രക്രിയകള്‍ തന്നേയാണ്. അവിടെ സമൂഹത്തെ തന്നിലേക്കാവാഹിക്കുന്ന വ്യക്തികള്‍ നേതാക്കന്‍മാരാവുകയും തങ്ങളുടെ കടമകള്‍ നിര്‍വഹിക്കുകയും ചെയ്യാറുണ്ടെന്ന് മാത്രം. തിരിച്ച് തിന്മകളുടെ പക്ഷത്തും തിന്മയെ ഉള്‍കൊണ്ട് തിന്മയെ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നവരുണ്ട്. അതും ഒരു സാമൂഹ്യ പ്രക്രിയ തന്നേയാണ്. സമൂഹത്തെ പഴമയില്‍ നിലനിര്‍ത്തലാണ് ആ പ്രക്രിയയുടേയും അതില്‍ ഭാഗമായവരുടേയും ദൗത്യമെന്ന് മാത്രം. അതായത് വ്യക്തിയുടെ തനത് സവിശേഷതകള്‍ അവതരിപ്പിക്കാതിരിക്കുന്നതിലൂടെ കലക്റ്റീവിനെ അവതരിപ്പിക്കാനാണ് തുറമുഖം ശ്രമിച്ചിരിക്കുന്നത്. രണ്ട് പക്ഷത്തും നമുക്കീ കലക്റ്റീവുകളെ കാണാന്‍ സാധിക്കും.
വ്യക്തികേന്ദ്രീകൃതമായ ലോകത്തുനിന്ന് കലക്റ്റീവിലേക്കുള്ള സഞ്ചാരപാതയിലാണ് നാമിന്ന്. ഓരോ പ്രതിഭാസങ്ങള്‍ക്കും വസ്തുക്കള്‍ക്കും തികച്ചും സ്വതന്ത്രമായ നിലനില്‍പ്പുണ്ടെന്ന ന്യൂട്ടോണിയന്‍ കാലധാരണയില്‍ നിന്ന് ലോകം വളരെയധികം മുന്നോട്ടു പോന്നിരിക്കുന്നു. എല്ലാം സാപേക്ഷികവും പരസ്പര ബന്ധിതവുമാണെന്ന ഐന്‍സ്റ്റീനിയന്‍ കാഴ്ചപ്പാടാണ് ഇന്ന് ശാസ്ത്രത്തേയും വ്യക്തി ജീവിതത്തേയും വൈകാരികവും ആത്മീയവുമായ ലോകത്തേയും കലയേയുമല്ലാം നയിക്കേണ്ടത്.
സാപേക്ഷികതയുടേയും പാരസ്പര്യത്തിന്റേയും ഈ കാഴ്ചപ്പാടിനെ ബോധപൂര്‍വം സിനിമയില്‍ പ്രയോഗിച്ച് നോക്കുന്നവര്‍ വിരളമാണ്. ഓരോരുത്തരിലേയും വ്യക്തി പഴുത്ത്‌കെട്ട് ദുര്‍ഗന്ധം വമിപ്പിക്കുന്ന ഈ കെട്ടകാലത്ത് തന്നെപ്പോലെയൊരാളെ അഭ്രപാളിയില്‍ കാണാനുള്ള കെല്‍പ്പേ കാഴ്ചക്കാരനുള്ളൂ. അതിനപ്പുറം കാണുന്നത് അവന് അസഹനീയമാണ്. അവിടെ കലക്റ്റീവിനെ അവതരിപ്പിക്കാനുള്ള സാഹസികതയ്ക്കാണ് കഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വം നല്‍കാതിരുന്നതിലൂടെ രാജീവ് രവി ശ്രമിച്ചിട്ടുള്ളത്. അത് തുറമുഖം എന്ന സിനിമ കാണണം എന്ന് ഞാന്‍ പറയുന്നതിന്റെ രണ്ടാമത്തെ കാരണമാണ്. അത് നമ്മള്‍ ഓരോരുത്തരുടേയും വേരുകളെ കൂടുതല്‍ കൂടുതല്‍ ആഴങ്ങളിലേക്ക് ആഴ്ത്തിയും പരപ്പുകളിലേക്ക് പടര്‍ത്തിയും നമ്മുടെ കാണ്ഡത്തെ കരുത്തുറ്റതും നമ്മുടെ ഫലങ്ങളെ കൂടുതല്‍ ഗുണമുള്ളതുമാക്കുന്നതുമാണ് ഒന്നാമത്തെ കാരണം.


