02
Mar 2023
Mon
02 Mar 2023 Mon

ന്യൂഡൽഹി: വിചാരണ തീരുന്നത് വരെ കേരളത്തിൽ ചികിത്സ അനുവദിക്കാനുള്ള പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുമ്പാകെ മഅ്ദനിക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ ഹാരിസ് ബീരാൻ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘പ്രമേഹം, രക്തസമ്മർദം, അതുമായി ബന്ധപ്പെട്ട സ്‌ട്രോക്ക് തുടങ്ങി താൻ നേരിടുന്ന നിരവധി രോഗങ്ങളുടെ പട്ടിക മഅ്ദനി സുപ്രീംകോടതി മുമ്പാകെ നിരത്തി. ക്രിയാറ്റിൻ നില ഉയർന്ന് ഡയാലിസിസ് നടത്തേണ്ട സാഹചര്യമാണ്. വൃക്ക മാറ്റിവെക്കേണ്ടിവരുമെന്ന് ഡോക്ടർമാർ പറയുന്നുണ്ട്. അനുകൂലമല്ലാത്ത കാലാവസ്ഥയും ചുറ്റുപാടും അധിക സാമ്പത്തിക ബാധ്യതയും നിരവധി രോഗങ്ങൾ അലട്ടുന്ന തന്റെ ആരോഗ്യസ്ഥിതിയെ അങ്ങേയറ്റം ബാധിച്ചിരിക്കുന്നു’, ഹർജിയിൽ വ്യക്തമാക്കി.

ബംഗളൂരു സ്‌ഫോടനക്കേസിലെ 38 മത്തെ പ്രതിയായ മഅ്ദനിക്ക് 2014ലാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. നഗരം വിടരുതെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം. എന്നാൽ, ആ വ്യവസ്ഥയിൽ ഇളവ് വേണമെന്നതാണ് ഇപ്പോൾ മഅ്ദനിയുടെ ആവശ്യം. അതിവേഗവിചാരണ നടത്തി നാലുമാസത്തിനകം കേസ് തീർപ്പാക്കണമെന്നായിരുന്നു ജാമ്യം നൽകുമ്പോൾ കർണാടക സർക്കാരിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഒമ്പത് വർഷമായിട്ടും കേസ് എങ്ങുമെത്തിയില്ല. സർക്കാർ അനാവശ്യമായി വൈകിപ്പിക്കുകയാണെന്ന ആക്ഷേപവും ഉണ്ട്.