മുംബൈ: ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ രാജ്യത്ത് വീണ്ടും വലതുപക്ഷ ഹിന്ദുത്വവാദികളുടെ ആക്രമണം. ഇത്തവണ മുസ്ലിംകൾ പുണ്യമായി കരുതുന്ന റമദാൻ മാസത്തിൽ പള്ളി ഇമാം ആണ് ആക്രമിക്കപ്പെട്ടത്. മഹാരാഷ്ട്രയിലെ അൻവ ഗ്രാമത്തിലെ ഒരു പള്ളിയിലാണ് സംഭവം.
|
ഞായറാഴ്ച രാത്രി 7.30 ഓടെ പള്ളിക്കകത്ത് ഖുർആൻ വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് ഇമാം സക്കീർ സയ്യിദ് ഖാജ പറഞ്ഞു. ഖുർആൻ വായിക്കുന്നതിനിടെ മുഖം മറച്ച് പളളിയിൽ പ്രവേശിച്ച അജ്ഞാതർ ‘ജയ് ശ്രീറാം’ എന്ന് വിളിക്കാൻ നിർബന്ധിച്ചു. ഇതിന് വിസമ്മതിച്ചപ്പോൾ മൂന്ന് പേർ ചേർന്ന് അദ്ദേഹത്തെ പള്ളിക്ക് പുറത്തേക്ക് കൊണ്ടുപോയി മർദിക്കുകയായിരുന്നു. രാസവസ്തു കലർന്ന തുണി ഉപയോഗിച്ച് അബോധാവസ്ഥയിലാക്കിയെന്നും ബോധം വന്നപ്പോഴാണ് താടി മുറിച്ചത് മനസ്സിലായതെന്നും ഇമാം പറഞ്ഞു.
രാത്രി 8 മണിയോടെ ആളുകൾ പ്രാർത്ഥനയ്ക്കായി പള്ളിയിൽ എത്തിയപ്പോളാണ് ഇമാം അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ അദ്ദേഹത്തെ സില്ലോഡിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഔറംഗബാദിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ചികിത്സയിലാണ് അദ്ദേഹം.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമാജ്വാദി പാർട്ടി എംഎൽഎ അബു അസിം ആസ്മി രംഗത്തെത്തി. സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ സുരക്ഷ ശക്തമാക്കുകയും വൻ പോലീസ് സന്നാഹത്തെ വിന്യസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.





