ന്യൂഡൽഹി: ബംഗളൂരു സ്‌ഫോടന കേസിലെ മുപ്പത്തിയൊന്നാം പ്രതിയായ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് കർണാടക സർക്കാർ. മഅ്ദനി സ്ഥിരം കുറ്റവാളിയാണെന്നും അതിനാൽ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി അദ്ദേഹത്തെ കേരളത്തിൽ പോകാൻ അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി കർണാടക സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കേസുണ്ടെന്നും ക്രിമിനൽ പശ്ചാത്തലമുള്ളതിനാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കർണാടക സർക്കാർ അറിയിച്ചു.
|
കർണാടക ഭീകരവിരുദ്ധ സെൽ അസിസ്റ്റന്റ് കമ്മിഷണർ ഡോ. സുമീത് ആണ് സത്യവാങ്മൂലം നൽകിയത്. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നും ആയുർവേദ ചികിത്സ അനിവാര്യമാണെന്നുമാണ് മഅ്ദനിയുടെ അപേക്ഷ. കേസിൽ വിചാരണ പൂർത്തിയായെങ്കിൽ പ്രതിയായ മഅദനിയെ കേരളത്തിലേക്ക് പോകാൻ അനുമതി നൽകിക്കൂടെയെന്ന് സുപ്രീംകോടതി നേരത്തെ ആരാഞ്ഞിരുന്നു. തുടർന്നാണ് കർണാടക സർക്കാർ ഇതിനെതിരെ സത്യവാങ്മൂലം സമർപ്പിച്ചത്. കേസിൽ ഇനിയും ആറ് പ്രതികളെ പിടിക്കാനുണ്ട്. മഅ്ദനിക്ക് ജാമ്യ ഇളവ് നൽകിയാൽ ഇയാൾ ഒളിവിൽ പോകാൻ സാധ്യതയുണ്ട്. കൂടാതെ ഒളിവിലുള്ള പ്രതികളുമായി ബന്ധപ്പെടുകയും വിവരങ്ങൾ ശേഖരിക്കുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നും സർക്കാർ പറഞ്ഞു. മഅ്ദനിയുടെ ആവശ്യം സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും.
നാലുമാസം കൊണ്ട് വിചാരണ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് 2014ലാണ് മഅ്ദനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ഒമ്പതുവർഷമായിട്ടും ഇതുവരെ വിചാരണ എങ്ങുമെത്തിയില്ല.





