21
Apr 2023
Sat
21 Apr 2023 Sat

ഐശ്വര്യത്തിന്റേയും കാർഷിക സമൃദ്ധിയുടേയും ഓർമകൾ പുതുക്കി ഇന്ന് വിഷു. പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊൻകണിയൊരുക്കി മലയാളികൾ വിഷുവിനെ വരവേറ്റു. കണിക്കൊപ്പം കൈനീട്ടം നൽകിയാണ് വിഷു ആഘോഷം. മേടപുലരിയിൽ കണ്ണനെ കണികണ്ടുണരുന്ന മലയാളികൾക്ക് കണിക്കൊന്ന ഒഴിച്ചുകൂട്ടാനാവാത്തതാണ്. ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ ഓർമ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളുമുണ്ടാകും. കണി കണ്ട ശേഷം കൈനീട്ടമാണ്. വീട്ടിലെ മുതിർന്നവർ കയ്യിൽ വച്ച് നൽകുന്ന അനുഗ്രഹം കൂടിയാണ് കൈനീട്ടം. പിന്നെ നാട്ടുരുചിയുമായി സദ്യവട്ടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോയവാരത്തിന്റെ ഓർമകൾ പുതുക്കൽ കൂടിയാണ് ഓരോ ആഘോഷങ്ങളും.കേരളത്തിലെ കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിന്റെ കാലം കൂടിയാണ് വിഷു. പുതിയ തുടക്കം. പുതിയ പ്രതീക്ഷ. വീടുകളിലെല്ലാം ഇന്നലെ കണി ഒരുക്കലിന്റെ രാത്രിയായിരുന്നു. ഓട്ടുരുളിയിൽ നിലവിളക്കിനും ശ്രീകൃഷ്ണ വിഗ്രഹത്തിനും മുന്നിൽ കണിക്കൊന്നയും കായ്കളും കനികളും കോടി മുണ്ടും കണ്ണാടിയുമെല്ലാം അണിനിരത്തി കണിയൊരുക്കി. ഇന്ന് പുലർച്ചെ നിലവിളക്ക് തെളിച്ചാണു പൊൻകണിയിലേക്കു മിഴി തുറന്നത്.

കൊവിഡ് നിയന്ത്രണിമില്ലാത്ത രണ്ടാം വിഷുവാണിത്. വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ, അടുത്ത വിഷുവരെയുള്ള ഒരാണ്ടുകാലം ഉണ്ടാവുമെന്നാണ് വിശ്വാസം. മലയാളിയുടെ പുതുവർഷാരംഭം കൂടിയാണ് ഈ ദിനം. ഐതിഹ്യത്തിൻറെ അനവധി കഥകൾ വിഷുവിനോടു ചേർന്നു നിൽക്കുന്നുണ്ടെങ്കിലും കാർഷികസമൃദ്ധിയുടെ ആഘോഷമാണു മലയാളിക്ക് വിഷു.

വായനക്കാർക്ക് ന്യൂസ് ടാഗ് ലൈവിന്റെ വിഷുദിനാശംസകൾ.!