തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെയുള്ള രണ്ടാം പരീക്ഷണയോട്ടത്തിൽ സമയം മെച്ചപ്പെടുത്തി വന്ദേഭാരത് എക്‌സ്പ്രസ്. പുലർച്ചെ 5.20ന് തിരുവനന്തപുരത്ത് നിന്ന് വിട്ട ട്രെയിൻ 1.10നാണ് കാസർകോടെത്തിയത്. 7 മണിക്കൂർ 50 മിനിറ്റാണ് കാസർകോട് എത്താൻ എടുത്ത സമയം. ബി.ജെ.പി പ്രവർത്തകരടക്കമുള്ളവർ ആഘോഷപൂർവ്വം വന്ദേ ഭാരതിനെ വരവേറ്റു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി അടക്കമുള്ള ജനപ്രതിനിധികളും വന്ദേ ഭാരതിനെ സ്വാഗതം ചെയ്തു.
|
ആദ്യ യാത്രയെ അപേക്ഷിച്ച് 17 മിനിറ്റ് ലാഭിച്ചു.തിരുവനന്തപുരത്ത് നിന്ന് 5.20നാണ് ട്രെയിൻ പുറപ്പെട്ടത്. ആദ്യ യാത്രയിൽ നിന്ന് വ്യത്യസ്തമായി പത്തുമിനിറ്റ് വൈകി. 6.10ന് കൊല്ലത്ത് എത്തി. ആദ്യ യാത്ര പോലെ തന്നെ കൊല്ലത്ത് ഓടിയെത്താൻ എടുത്തത് ഒരേ സമയം. 50 മിനിറ്റ്. കോട്ടയത്ത് 7.24ന് ട്രെയിൻ എത്തി. 2.14 മണിക്കൂർ കൊണ്ടാണ് കോട്ടയത്ത് എത്തിയത്. ആദ്യ യാത്രയേക്കാൾ മൂന്ന് മിനിറ്റ് കുറവ്.
എറണാകുളത്ത് 8.32നാണ് ട്രെയിൻ എത്തിയത്. 3.12 മണിക്കൂർ കൊണ്ടാണ് സ്ഥലത്തെത്തിയത്. ആദ്യ യാത്രയേക്കാൾ ആറുമിനിറ്റ് കുറവ്. 8.35ന് പുറപ്പെട്ട ട്രെയിൻ തൃശൂരിൽ 9.37ന് എത്തി. തിരുവനന്തപുരത്ത് നിന്ന് തൃശൂർ എത്താൻ 4.17 മണിക്കൂറാണ് എടുത്തത്. ആദ്യ യാത്രയേക്കാൾ 10 മിനിറ്റ് കുറവ്.
കോഴിക്കോട്ട് 11.16 ന് ആണ് ട്രെയിൻ എത്തിയത്. 5.56 മിനിറ്റ് കൊണ്ടായിരുന്നു യാത്ര. ആദ്യ യാത്രയേക്കാൾ 12 മിനിറ്റ് കുറവ്. 12.13ന് ട്രെയിൻ കണ്ണൂർ തൊട്ടു. ആറു മണിക്കൂർ 53 മിനിറ്റ് കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തിയത്. ആദ്യ യാത്രയേക്കാൾ 17 മിനിറ്റ് കുറവ്. ആദ്യ യാത്രയിൽ ഏഴു മണിക്കൂർ 10 മിനിറ്റ് ആണ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ എത്താൻ വേണ്ടിവന്നത്.





