പാരിസ്: പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റുന്ന മത്സരമായ ഗോൾഡൻ ഗ്ലോബ് റേസിൽ ചരിത്രം കുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. 2022 സെപ്റ്റംബർ നാലിന് ഫ്രാൻസിലെ ലെ സാബ്ലെ ദൊലാനിൽ നിന്ന് ‘ബയാനത്ത്’ എന്ന പായ് വഞ്ചിയിൽ യാത്ര തിരിച്ച അഭിലാഷ് പ്രാദേശിക സമയം രാവിലെ 10 മണിക്കാണ് രണ്ടാമനായി തീരം തൊട്ടത്. ഗോൾഡൻ ഗ്ലോബ് റേസിൽ പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഏഷ്യക്കാരനും ആദ്യ ഇന്ത്യക്കാരനും എന്ന പുതുചരിത്രമാണ് 43കാരനായ അഭിലാഷ് ടോമി കുറിച്ചത്.
|
236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമെടുത്താണ് അഭിലാഷ് ഫിനിഷ് ചെയ്തത്. 48,000 കിലോമീറ്ററാണ് അതിസാഹസികമായി അഭിലാഷ് പായ്വഞ്ചിയിൽ ഏകനായി കടലിൽ സഞ്ചരിച്ചത്.
സെപ്റ്റംബർ നാല് മുതലാണ് അഭിലാഷ് ബയാനത് എന്നു പേരുള്ള പായ്വഞ്ചിയുമായി മത്സരം തുടങ്ങിയത്. 16 പേരാണ് മത്സരം തുടങ്ങിയത്. അഭിലാഷടക്കം രണ്ട് പേർ മാത്രമാണ് ഫിനിഷ് ചെയ്തത്. ദക്ഷിണാഫ്രിക്കൻ വനിത ക്രിസ്റ്റീൻ നോയ്ഷെയ്ഫറാണ് ഒന്നാം സ്ഥാനത്തെത്തിയത്. പായ് വഞ്ചിയുമായി കടലിൽ ആശയ വിനിമയങ്ങൾ സങ്കേതങ്ങൾ കുറച്ചു മാത്രം ഉപയോഗിച്ചുള്ള യാത്രയാണ് മത്സരത്തിന്റെ സവിശേഷത. പ്രകൃതിയുടെ വെല്ലുവിളികളും ശരീരിക മാനസിക വെല്ലുവിളികൾ അതിജീവിച്ചും ഫിനിഷ് ചെയ്യുക എന്നത് ഏറെ ദുഷ്കരമാണ്. സമുദ്ര സാഹസികതയുടെ എവറസ്റ്റ് എന്നാണ് ഗോൾഡൻ ഗ്ലോബ് റേസ് അറിയപ്പെടുന്നത്.





