Lionel Messi മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍, അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജഴ്‌സിക്കാരനു സംഭവിച്ച ആ പിഴവ് ആരാധകരുടെ നെഞ്ചുലച്ചു. പെനല്‍റ്റി പാഴാക്കിയെന്ന ‘ദുഷ്‌പേര്’ വീണ്ടും ഇതിഹാസ താരത്തെ തേടിയെത്തി. പക്ഷേ ആ വിമര്‍ശനങ്ങള്‍ക്കും ആക്രോശങ്ങള്‍ക്കും വെറും അരമണിക്കൂര്‍ നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 38ാം മിനിറ്റില്‍, ഓസ്ട്രിയന്‍ വലകുലുക്കി ആ ചരിത്രം പിറന്നു. ഡാലസ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി, സ്‌ക്രീനുകളില്‍ കണ്ണുംനട്ടിരിക്കുന്ന പതിനായിരങ്ങളെ രോമാഞ്ചമണിയിച്ച് ആ ചരിത്ര ഗോള്‍. ഫുട്‌ബോളിലെ മിശിഹ ലോകകപ്പില്‍ നേടുന്ന 17ാം ഗോള്‍. കാല്‍പന്തുകളിയിലെ ‘ഗോട്ട്’ താന്‍ തന്നെയെന്നും ലോകത്തോടു വിളിച്ചുപറഞ്ഞ നിമിഷം.
|
ജര്‍മ്മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഗോള്‍വേട്ടക്കാരനായി അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസ്സി. 2026 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഓസ്ട്രിയയ്ക്കെതിരെ ഗോള്‍ നേടിയതോടെയാണ് മെസ്സി ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ മെസ്സിയുടെ ലോകകപ്പ് കരിയറിലെ ആകെ ഗോള്‍ സമ്പാദ്യം 18 ആയി ഉയര്‍ന്നു. 16 ഗോളുകള്‍ നേടിയ മിറോസ്ലാവ് ക്ലോസെയാണ് ഇനി മെസ്സിക്ക് പിന്നിലുള്ളത്.
ലോകകപ്പിലെ മികച്ച ഗോള്‍വേട്ടക്കാര്‍:
1. ലയണല്‍ മെസ്സി (അര്‍ജന്റീന) – 18 ഗോളുകള്‍
2. മിറോസ്ലാവ് ക്ലോസെ (ജര്‍മ്മനി), കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്) – 16 ഗോളുകള്‍ വീതം
3. റൊണാള്‍ഡോ നസാരിയോ (ബ്രസീല്‍) – 15 ഗോളുകള്‍
4. ഗെര്‍ഡ് മുള്ളര്‍ (വെസ്റ്റ് ജര്‍മ്മനി), 14 ഗോളുകള്‍
5. ജസ്റ്റ് ഫോണ്ടെയ്ന്‍ (ഫ്രാന്‍സ്) – 13 ഗോളുകള്‍
മത്സരത്തിന്റെ 38-ാം മിനിറ്റില്‍ തിയാഗോ അല്‍മാഡയും മെദിനയും ചേര്‍ന്ന് ഒരുക്കിയ നീക്കത്തിനൊടുവിലാണ് മെസ്സി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. ബോക്സിന്റെ അരികില്‍ നിന്ന് മെസ്സി തൊടുത്ത ലോ ഷോട്ട് ഓസ്ട്രിയന്‍ ഗോളി അലക്‌സാണ്ടര്‍ ഷ്‌ലാഗറെ മറികടന്ന് വലയില്‍ ചെന്നുപതിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ മെസ്സി തന്റെ രണ്ടാമത്തെ ഗോളും നേടി.
തുടര്‍ച്ചയായ ആറ് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡിനൊപ്പവും ഇതോടെ മെസ്സിയെത്തി. ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്ടെയ്ന്‍, ബ്രസീലിന്റെ ജെയര്‍സീഞ്ഞോ എന്നിവര്‍ മാത്രമാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മെസ്സി
ആദ്യ മത്സരത്തില്‍ അല്‍ജീരിയക്കെതിരെ 3-0 ന് അര്‍ജന്റീന വിജയിച്ചപ്പോള്‍ മെസ്സി തന്റെ ലോകകപ്പ് കരിയറിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയിരുന്നു. അര്‍ജന്റീനയ്ക്കായുള്ള തന്റെ 200-ാം അന്താരാഷ്ട്ര മത്സരത്തിലായിരുന്നു ഈ നേട്ടം. 38 വയസ്സും 357 ദിവസവും പ്രായമുള്ളപ്പോള്‍ ഹാട്രിക് നേടിയ മെസ്സി, ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ (2018 ലോകകപ്പ്) റെക്കോര്‍ഡും മറികടന്നു.
ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരം (28 മത്സരങ്ങള്‍), ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ (12 എണ്ണം) നേടിയ താരം എന്നീ റെക്കോര്‍ഡുകളും നിലവില്‍ മെസ്സിയുടെ പേരിലാണ്. കൂടാതെ, തുടര്‍ച്ചയായി ആറ് ലോകകപ്പുകളില്‍ കളിക്കുന്ന ചരിത്രത്തിലെ ആദ്യ താരം എന്ന റെക്കോര്‍ഡും മെസ്സി സ്വന്തമാക്കി. ഡിആര്‍ കോംഗോയ്ക്കെതിരായ മത്സരത്തിലൂടെ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പിന്നീട് ഈ റെക്കോര്‍ഡിനൊപ്പമെത്തി. എട്ട് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും നാല് ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരങ്ങളും നേടിയിട്ടുള്ള മെസ്സിയുടെ കിരീടത്തിലേക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടിയാവുകയാണ് ഈ ലോകകപ്പ് റെക്കോര്‍ഡ്.
പെനല്‍റ്റി പാഴാക്കിയതും റെക്കോഡ്
അതേസമയം, മെസ്സി പെനല്‍റ്റി പാഴാക്കിയതും ഒരു ലോക റെക്കോര്‍ഡായി. ഈ മത്സരത്തിന് മുന്‍പ്, ഫിഫ ലോകകപ്പില്‍ (ഷൂട്ടൗട്ടുകള്‍ ഒഴികെ) ഏറ്റവും കൂടുതല്‍ പെനല്‍റ്റികള്‍ പാഴാക്കിയവര്‍ രണ്ടു പേരായിരുന്നു 2006ലും 2010ലും ഘാനയുടെ അസമോവ ഗ്യാനും, 2018ലും 2022ലും ലയണല്‍ മെസ്സിയും. എന്നാല്‍ ഇപ്പോള്‍ മൂന്നാം പെനല്‍റ്റി പാഴാക്കിയ മെസ്സി, ഈ റെക്കോര്‍ഡിലും ‘തനിച്ചായി’. തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലാണ് മെസ്സി പെനല്‍റ്റി മിസ്സ് ആക്കുന്നത്. ലോകകപ്പിലാകെ ഏഴു പെനല്‍റ്റി കിക്കുകള്‍ എടുത്ത മെസ്സിക്ക്, നാലെണ്ണം മാത്രമാണ് ലക്ഷ്യത്തിലെത്തിക്കാനായത്.
ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ചതോടെ അര്‍ജന്റീന നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു.
Lionel Messi Shatters Miroslav Klose’s Record


