23
Jun 2026
Tue
23 Jun 2026 Tue
Mbappe Inspires France To 3-0 Win

Mbappe ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് 2026 ലോകകപ്പ്. ഫ്രാന്‍സും ഇറാഖും തമ്മില്‍ ഗ്രൂപ്പ് ഐ-യില്‍ നടന്ന മത്സരം ശക്തമായ ഇടിമിന്നലിനെത്തുടര്‍ന്ന് രണ്ട് മണിക്കൂറിലധികം നേരം നിര്‍ത്തിവെക്കേണ്ടി വന്നു. അമേരിക്കയിലെ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ (Thunderstorm and Lightning Protocols) മൂലം ഫിലാഡല്‍ഫിയയിലെ ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആകെ 131 മിനിറ്റാണ് കളി തടസ്സപ്പെട്ടത്. ഇതോടെ, നാല് മണിക്കൂറോളം നീണ്ടുനിന്ന ഈ മത്സരം ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമായി മാറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഫ്രാന്‍സ് 1-0 ന് മുന്നിലായിരുന്നു. എന്നാല്‍ പ്രാദേശിക സമയം വൈകുന്നേരം 5.49-ന് ഹാഫ് ടൈം വിസില്‍ മുഴങ്ങിയതിന് പിന്നാലെ ശക്തമായ കൊടുങ്കാറ്റും ഇടിമിന്നലും കനത്ത മഴയും പ്രദേശത്ത് നാശം വിതച്ചു. സുരക്ഷ മുന്‍നിര്‍ത്തി കളിക്കാരോടും കാണികളോടും ഗാലറിയില്‍ നിന്നും മാറി സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം പ്രാപിക്കാന്‍ സംഘാടകര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി 8.00 മണിയോടെയാണ് കളി പുനരാരംഭിക്കാന്‍ സാധിച്ചത്. ഒടുവില്‍ കളി തുടങ്ങി നാല് മണിക്കൂറിന് ശേഷം മത്സരം അവസാനിച്ചപ്പോള്‍ ഫ്രാന്‍സ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് (3-0) ഇറാഖിനെ പരാജയപ്പെടുത്തി. എംബാപ്പെയുടെ ഇരട്ട ഗോളുകളും ഒസ്മാന്‍ ഡെംബെലെയുടെ ഒരു ഗോളുമാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്.

ALSO READ: ആരാധകരുടെ നെഞ്ചുലച്ച പിഴവ്, പിന്നെയൊരു ഡബിള്‍; മെസ്സി അല്ലാതെ വേറെ ആര്?

ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പമെത്തി എംബാപ്പെ

ഇറാഖിനെതിരെയുള്ള മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയതോടെ ഫിഫ ലോകകപ്പില്‍ 16 ഗോളുകള്‍ എന്ന ജര്‍മ്മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പമെത്തി ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ലയണല്‍ മെസ്സിയുടെ (18 ഗോളുകള്‍) സര്‍വ്വകാല റെക്കോര്‍ഡ് മറികടക്കാന്‍ എംബാപ്പെയ്ക്ക് ഇനി വെറും 3 ഗോളുകള്‍ കൂടി മതി.

എന്താണ് അമേരിക്കയിലെ ഇടിമിന്നല്‍ പ്രോട്ടോക്കോള്‍?

അമേരിക്കയിലെ പ്രാദേശിക അധികാരികള്‍ കായിക മത്സരങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഇടിമിന്നല്‍ സുരക്ഷാ നിയമങ്ങള്‍ വളരെ കര്‍ശനമാണ്. സ്റ്റേഡിയത്തിന്റെ എട്ട് മൈല്‍ ചുറ്റളവില്‍ എവിടെയെങ്കിലും ഇടിമിന്നലോ ഇടിയൊച്ചയോ രേഖപ്പെടുത്തിയാല്‍ മത്സരം ഉടന്‍ തന്നെ നിര്‍ത്തിവെക്കണം. പിന്നീട് കളി പുനരാരംഭിക്കണമെങ്കില്‍ ഈ എട്ട് മൈല്‍ പരിധിയില്‍ മിന്നല്‍ ഇല്ലാത്ത 30 മിനിറ്റ് തുടര്‍ച്ചയായി ലഭിക്കണം. എന്നാല്‍ ഈ 30 മിനിറ്റിനിടയില്‍ വീണ്ടും മിന്നലുണ്ടായാല്‍ കൗണ്ട്ഡൗണ്‍ വീണ്ടും ആദ്യത്തെ 30 മിനിറ്റില്‍ നിന്ന് പുനഃക്രമീകരിക്കും. ഇതാണ് ഫ്രാന്‍സ് – ഇറാഖ് മത്സരത്തിന്റെ ദൈര്‍ഘ്യം ഇത്രയധികം നീണ്ടുപോകാന്‍ കാരണമായത്. ഈ ലോകകപ്പില്‍ കാലാവസ്ഥ വ്യതിയാനം മൂലം തടസ്സപ്പെടുന്ന ആദ്യ മത്സരമാണിത്.

France vs Iraq Highlights, FIFA World Cup 2026: Mbappe Inspires France To 3-0 Win