ലൗ ജിഹാദിലൂടെ 32,000 ഹിന്ദു യുവതികളെ മതംമാറ്റി ഐഎസിൽ ചേരാൻ സിറിയയിലേക്ക് കൊണ്ടുപോയി എന്നതടക്കമുള്ള വ്യാജ-വിദ്വേഷ പ്രചരണങ്ങളുമായി പ്രദര്‍ശനത്തിനെത്തുന്ന ‘ദ കേരള സ്റ്റോറി’ സിനിമയുടെ ടീസറിന്റെ വിവരണം എഡിറ്റ് ചെയ്ത് അണിയറക്കാർ. യൂട്യൂബിൽ 2022 നവംബർ മൂന്നിന് അപ്‌ലോഡ് ചെയ്ത ടീസറിന്റെ താഴെയുള്ള വിവരണത്തിലാണ് കുപ്രചരണം വിവാദമായതോടെ മാറ്റം വരുത്തിയിരിക്കുന്നത്.
|
‘32,000 സ്ത്രീകൾ’ എന്നത് മാറ്റി ‘മൂന്ന് യുവതികൾ’ എന്നാണ് ആക്കിയിരിക്കുന്നത്. 32,000 പേരിൽ പത്ത് പേരുടെയെങ്കിലും പേരുകൾ പറഞ്ഞാൽ ലക്ഷങ്ങളും കോടികളും പാരിതോഷികം നൽകാമെന്ന വെല്ലുവിളി ഉയർന്നതോടെയാണ് അണിയറക്കാർ വെട്ടിലായത്. എന്നാൽ ടീസറിൽ പറയുന്ന 32,000 എന്നതിൽ മാറ്റം വരുത്തിയിട്ടില്ല. ടീസറിനടിയിലും സോഷ്യൽമീഡിയയിലും പുറത്തുമായി സിനിമയ്ക്കെതിരെ പ്രതിഷേധവും വിമർശനവും ശക്തമാവുകയും നടപടിക്കും വിലക്കിനും ആവശ്യമുയരുകയും ചെയ്തിട്ടുണ്ട്.

മുസ്‌ലിങ്ങൾക്കെതിരെയും കേരളത്തിനെതിരെയും വിദ്വേഷം പരത്താൻ ഉതകുന്ന വ്യാജ-വർഗീയ ഉള്ളടക്കങ്ങൾ കുത്തിനിറച്ച ‘കേരള സ്റ്റോറി’ക്കെതിരെ വിമർശനം ശക്തമായതോടെ പ്രതിരോധത്തിലായിരിക്കുകയാണ് അണിയറക്കാരും സംഘ്പരിവാർ കേന്ദ്രങ്ങളും. കുപ്രചരണത്തിന് തെളിവ് നല്‍കിയാല്‍ ഒരു കോടിയിലേറെ രൂപ ഇനാം പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും വെല്ലുവിളി ഏറ്റെടുത്ത് ആരും രംഗത്തുവന്നിട്ടില്ല.
പ്രണയച്ചതിയിൽപ്പെട്ട് ഇസ്‌ലാം സ്വീകരിച്ച് 32,000ത്തിലേറെ പേര്‍ സിറിയയിലേക്ക് പോയെന്ന അവകാശവാദത്തിന് തെളിവ് നല്‍കിയാല്‍ ഒരു കോടി രൂപ നല്‍കുമെന്നാണ് മുസ്‌ലിം യൂത്ത് ലീഗിന്റെ വാഗ്ദാനം. 2023 മെയ് നാലിന് രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് തെളിവ് സമര്‍പ്പിക്കാന്‍ യൂത്ത് ലീഗ് സാവകാശം നല്‍കിയിരിക്കുന്നത്. ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറുകളില്‍ തെളിവ് നല്‍കിയാല്‍ മതിയെന്നും യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.
നടനും അഭിഭാഷകനുമായ ഷുക്കൂര്‍ വക്കീല്‍, പ്രവാസി മലയാളി നസീര്‍ ഹുസയ്ന്‍ കിഴക്കേടത്ത് എന്നിവരാണ് തെളിവ് നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് രംഗത്തെത്തിയ മറ്റുള്ളവർ. മതം മാറി സിറിയയില്‍ പോയ 32,000 പേരുടെ വിവരങ്ങള്‍ വേണ്ട വെറും പത്തു പേരുടെ വിവരം നല്‍കിയാല്‍ 10 ലക്ഷം രൂപ നല്‍കാമെന്നാണ് നസീര്‍ ഹുസയ്‌ന്റെ പ്രഖ്യാപനം.
കേരളത്തിലെ മുസ്‌ലിം യുവാക്കള്‍ പ്രേമിച്ച് മതംമാറ്റി ഇസ്‌ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയ സ്ത്രീകളുടെ പേര്, അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ ഓഫര്‍ ചെയ്യുന്നുവെന്നാണ് ഷുക്കൂര്‍ വക്കീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 32000 സ്ത്രീകളുടെ ഒന്നും വേണ്ട വെറും 32 പേരുടെയെങ്കിലും വിവരങ്ങള്‍ തന്നാല്‍ മതിയെന്നും അദ്ദേഹം പറയുന്നു.
സംഘപരിവാര്‍ പ്രൊപ്പഗണ്ടയില്‍ തയ്യാറാക്കിയ ‘ദ കേരള സ്റ്റോറി’ക്കെതിരെ കേരളം, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നടക്കം എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. സിനിമയ്‌ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയനും വിവിധ കക്ഷിനേതാക്കളും പാർട്ടികളും സംഘടനകളും രംഗത്തെത്തിയിരുന്നു. ലൗജിഹാദ് ഇല്ലെന്നും അതിന് തെളിവില്ലെന്നും എൻഐഎയും പൊലീസും കോടതിയും കേന്ദ്ര ആഭ്യന്തര വകുപ്പും സംസ്ഥാന സർക്കാരുകളും വ്യക്തമാക്കിയിരിക്കെയാണ് ഇത്തരമൊരു ഗൂഢ അജണ്ടയും വിദ്വേഷ- കുപ്രചരണവുമായി സംഘ്പരിവാർ പിന്തുണയോടെ സുദിപ്തോ സെൻ ‘കേരളാ സ്റ്റോറി’ എന്ന സിനിമ പുറത്തിറക്കിയത്.





