കൊച്ചി: AI കാമറ പദ്ധതിയിൽ 100 കോടി രൂപയുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാപിതാവായ പ്രകാശ് ബാബു കൺസോർഷ്യം യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടന്നാൽ തെളിവു നൽകാമെന്നും സതീശൻ പറഞ്ഞു. ആകെ 50 കോടിയിൽ താഴെ മാത്രം ചെലവു വരുന്ന പദ്ധതിയാണ് ഭീമൻ ചെലവിൽ നടപ്പാക്കിയതെന്നും കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സതീശൻ ആരോപിച്ചു.
|
കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ക്യാമറകളും അനുബന്ധ സാധനങ്ങളും വൻ വിലയ്ക്കാണു വാങ്ങിയത്. പദ്ധതിയുടെ ഭാഗമായ എസ്ആർഐടിക്ക് ലഭിച്ചത് 6 ശതമാനം കമ്മിഷനാണ്. 57 കോടിക്ക് പദ്ധതി നടപ്പാക്കാമെന്ന് ട്രോയ്സ് കമ്പനി അറിയിച്ചിരുന്നു. 45 കോടിയുടെ സാധനങ്ങൾക്ക് 157 കോടിയുടെ പ്രപ്പോസൽ നൽകി. ക്യാമറ പദ്ധതിയിൽ വിചിത്രമായ തട്ടിപ്പാണ് നടന്നത്. തട്ടിപ്പിനെപ്പറ്റി അൽഹിന്ദ് കമ്പനി വളരെ നേരത്തേ സർക്കാരിനെ അറിയിച്ചിരുന്നു. 2021 ഒക്ടോബർ 23നാണ് വ്യവസായ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചത്. പി.രാജീവ് വ്യവസായ മന്ത്രി ആയിരിക്കുമ്പോഴാണ് അൽഹിന്ദ് റിപ്പോർട്ട് നൽകിയത്. പദ്ധതിയിൽനിന്ന് പിന്മാറുകയാണെന്നും അൽഹിന്ദ് വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാപിതാവായ പ്രകാശ് ബാബു കൺസോർഷ്യം യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. യോഗത്തിൽ കൂടുതൽ സമയം സംസാരിച്ചത് പ്രകാശ് ബാബുവാണ്. ഇത് സ്വപ്ന പദ്ധതിയാണെന്നു പറഞ്ഞു. എസ്ആർഐടിയും കെൽട്രോണും തമ്മിലുണ്ടാക്കിയ കരാറിൽ ഈ കൺസോർഷ്യവുമുണ്ട്. എന്നാൽ ഗുരുതരമായ ആരോപണം ഉന്നയിച്ച് കൺസോർഷ്യത്തിലെ ഒരു കമ്പനി പിന്മാറി. പണം മുടക്കിയ കമ്പനികൾ പ്രകാശ് ബാബുവിനോടു പണം തിരിച്ചു ചോദിച്ചോ? പദ്ധതി വൻ തട്ടിപ്പാണെന്ന് മന്ത്രി രാജീവിനും വ്യവസായ സെക്രട്ടറിക്കും അറിയാമായിരുന്നു. മന്ത്രി രാജീവ് ഇക്കാര്യത്തിൽ മറുപടി പറയണം.” സതീശൻ പറഞ്ഞു.
സർക്കാരിനെ നൂറ് കോടി പറ്റിച്ചത് കൂടാതെ ഹൈദരാബാദ് കമ്പനിയെ 25 കോടി രൂപയും പറ്റിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അന്വേഷണം നടത്തിയാൽ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തതിന്റെ രേഖ ഹാജരാക്കും. ഉപകരാറിൽ ഉൾപ്പെട്ട ഒരു കമ്പനിയുടെ ഏതോ ഒരാൾ ഗസ്റ്റ്ഹൗസ് ഉപയോഗിച്ചതിന് പണം നൽകാനുണ്ടെന്ന് കാണിച്ചത് മാത്രമാണ് മുഖ്യമന്ത്രിയുടെ ബന്ധുവിന് പദ്ധതിയുമായുള്ള ബന്ധം എന്നാണ് കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞിരുന്നത്.
പദ്ധതിയിലെ തട്ടിപ്പുകളെ കുറിച്ച് അൽഹിന്ദ് കമ്പനി വളരെ നേരത്തെ തന്നെ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പി.രാജീവ് മന്ത്രിയായിരിക്കുമ്പോൾ തന്നെയാണ് വ്യവസായ വകുപ്പ് സെക്രട്ടറിയെ 23-10-2021ന് അൽഹിന്ദ് കത്തെഴുതി വിവരം അറിയിച്ചത്.
പ്രസാദിയോയുടെ കൺട്രോളിലാണ് എഐ ക്യാമറയുടെ മുഴുവൻ ഇടപാടുകളും നടന്നിരിക്കുന്നത്. ഇവരുടെ തട്ടിപ്പ് ചൂണ്ടിക്കാട്ടി ഒരു കമ്പനി സർക്കാരിനെ സമീപിച്ചിട്ടും ഒന്നും ചെയ്തില്ല. തട്ടിപ്പ് നടക്കുന്ന കാര്യം വ്യവസായ വകുപ്പിനും മന്ത്രിക്കും അറിയാമായിരുന്നുവെന്നും സതീശൻ ആരോപിച്ചു.





