കര്‍ണാടകയില്‍ ബിജെപിയെ തൂക്കിയടിച്ച് കോണ്‍ഗ്രസ്. തൂക്കുസഭയാകുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങളെയൊക്കെ കാറ്റില്‍ പറത്തി
സമ്പൂര്‍ണ ആധിപത്യമാണ് കോണ്‍ഗ്രസ് നേടിയിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 135 സീറ്റുകള്‍ കോണ്‍ഗ്രസ് ‘കൈ’പ്പിടിയിലാക്കിയിരിക്കെ വെറും 64ലേക്ക് മൂക്കും കുത്തി വീണിരിക്കുകയാണ് ബിജെപി. മോദി പ്രഭാവവും വര്‍ഗീയ രാഷ്ട്രീയവും കര്‍ണാടകയിലെ വോട്ടര്‍മാര്‍ കാവേരി നദിയില്‍ തള്ളി.
|
വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രകടമായത്. ഒരു ഘട്ടത്തിലും കോണ്‍ഗ്രസിനെ മറികടക്കാനാവാതെ മുങ്ങിപ്പൊങ്ങുന്ന കാഴ്ചയാണ് ബിജെപി പക്ഷത്ത് കാണാനായത്. ഭരണത്തുടര്‍ച്ച നേടാമെന്ന ബിജെപി സ്വപ്നം അസ്ഥാനത്തായെന്നു മാത്രമല്ല, അതിനുള്ള കളികളും ഗൂഢ നീക്കങ്ങളും അടിയേ പൊളിയുകയും അങ്ങേയറ്റം നാണം കെടുകയും ചെയ്തു.
മന്ത്രിമാരടക്കം ബിജെപിയുടെ നിരവധി സുപ്രധാന മുഖങ്ങള്‍ക്ക് കാലിടറിയപ്പോള്‍ കോണ്‍ഗ്രസിലെ പല പ്രമുഖരും കൂറ്റന്‍ വിജയം നേടി.
ജയം ഉറപ്പിച്ചതോടെ തന്നെ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആഘോഷവും ആരംഭിച്ചിരുന്നു.
ഡല്‍ഹി ആസ്ഥാനത്തും കര്‍ണാടകയിലും വന്‍ ആഘോഷത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും. ശക്തവും സുരക്ഷിതവുമായ മാര്‍ജിനിലെ വിജയം കോണ്‍ഗ്രസിന്‍റെ കരുത്ത് തെളിയിക്കുന്നതും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ആത്മവിശ്വാസം പകരുന്നതുമാണ്. രാഹുലിനെ ഉയര്‍ത്തി കോണ്‍ഗ്രസ് ഔദ്യോഗിക പേജില്‍ പങ്കുവെച്ച വീഡിയോ ഇതിനകം പ്രവര്‍ത്തകരും അനുയായികളും ഏറ്റെടുത്തിട്ടുണ്ട്. രാഹുല്‍ അജയ്യനാണ്. ആര്‍ക്കും തടയാനാവില്ലെന്നായിരുന്നു ട്വീറ്റ്.
അതേസമയം, കേവലം 21 സീറ്റുകളിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്. 224 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 113 ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.





