|
മലപ്പുറം:കീഴ്ശേരിയില്‍ അതിഥി തൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബീഹാര്‍ സ്വദേശി രാജേഷ് മന്‍ജി (36) ആണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. പ്രതികളായ ഒന്പതുപേര് പൊലീസ് കസ്റ്റഡിയിലാണ്. രാജേഷ് മോഷണത്തിനെത്തിയപ്പോള്‍ മര്‍ദിച്ചതാണെന്ന് കസ്റ്റഡിയിലായ വീട്ടുടമസ്ഥനും സഹോദരങ്ങളും സുഹൃത്തുക്കളും മൊഴി നല്കി. കൈ പിന്നില്‍കെട്ടി രണ്ട് മണിക്കൂറോളം മര്‍ദിച്ചെന്ന് പ്രതികള്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി രാജേഷ് മോഷ്ടിക്കാന്‍ വീടിന്റെ മുകള്‍നിലയില്‍ കയറിയപ്പോള്‍ വീണ് മരിച്ചെന്നാണ് ഇവര്‍ ആദ്യം നല്കിയ വിവരം. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ദേഹമാസകലം പരുക്കേറ്റതായി കണ്ടെത്തി. ശരീരത്തില്‍ ഒട്ടേറെ ഒടിവുകളും പരുക്കുകളും ഉണ്ട്. ഇത് ക്രൂരമായ മര്‍ദനമായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളുടെ അറസ്റ്റ് കൊണ്ടോട്ടി പൊലീസ് ഞായറാഴ്ച രേഖപ്പെടുത്തും. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.





