മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമി ഫൈനലിൽ റയൽ മാഡ്രിഡിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി ഫൈനലിലെത്തി. ഹോം ഗ്രൗണ്ട് ആയ ഇത്തിഹാദ് സ്റ്റേഡിയത്തിൽ എതിരില്ലാത്ത നാലു ഗോളിനാണ് സിറ്റി റയലിനെ തകർത്തത്. കഴിഞ്ഞയാഴ്ച നടന്ന ആദ്യപാദത്തിൽ റയലിനെ അവരുടെ തട്ടകത്തിൽ 1-1 സമനിലയിൽ സിറ്റി തളച്ചിരുന്നു. അതിനാൽ 5- 1 എന്ന ആധികാരിക സ്കോറിലാണ് സിറ്റിയുടെ വിജയം.
|
ഇസ്താംബുളിൽ ജൂൺ പത്തിന് നടക്കുന്ന ഫൈനലിൽ ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനെയാണ് സിറ്റി നേരിടുക.
ആദ്യ പകുതിയിൽ തന്നെ ബെർണാഡോ സിൽവയുടെ രണ്ട് ഗേളുകൾക്ക് സിറ്റി മുന്നിലെത്തിയിരുന്നു. 76-ാം മിനിറ്റിലെ റയൽ ഡിഫൻഡർ എഡർ മിലിറ്റാവോയുടെ സെൽഫ് ഗോളും യൂലിയൻ അൽവാരസിന്റെ ഇഞ്ച്വറി ടൈമിലെ ഗോളും സിറ്റിയെ ഏകപക്ഷീയ വിജയത്തിലെത്തിച്ചു.
സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരെ വാരിക്കളയുന്ന പ്രകടനമാണ് പെപ് ഗ്വാർഡിയോളയുടെ ടീം പുറത്തെടുത്തത്.
കഴിഞ്ഞ വർഷം സെമിയിൽ റയലിനോടേറ്റ തോൽവിക്കുള്ള മധുരപ്രതികാരം കൂടിയായി സിറ്റിയുടെ വിജയം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സിറ്റിയുടെ രണ്ടാം ഫൈനൽ പ്രവേശനമാണിത്.


