ന്യൂഡൽഹി: ജല്ലിക്കെട്ടിന് അനുമതി നൽകി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവ്. തമിഴ്‌നാട് സർക്കാരിന്റെ നിയമത്തിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമെന്നും കോടതി വിലയിരുത്തി. ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മൃഗാവകാശ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പെറ്റ) ഉൾപ്പെടെയുള്ള സംഘടനകൾ സമർപ്പിച്ച ഹർജികളിലാണ് നടപടി.
|
മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം 2017, മൃഗങ്ങളോടുള്ള ക്രൂരത തടയൽ ചട്ടങ്ങൾ 2017 എന്നീ നിയമങ്ങൾക്കെതിരെയായിരുന്നു ഹർജികൾ. സുപ്രീംകോടതി 2014ൽ നിരോധനം ഏർപ്പെടുത്തിയെങ്കിലും, സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ ജെല്ലിക്കെട്ട് നടത്താൻ ഈ രണ്ട് നിയമങ്ങളും അനുമതി നൽകിയിരുന്നു. സംഘടനകളുടെയും തമിഴ്‌നാട് സർക്കാരിന്റെയും വാദം കേട്ട ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഡിസംബറിൽ കേസ് വിധി പറയാൻ മാറ്റുകയായിരുന്നു.
2014ൽ സുപ്രീം കോടതി ജെല്ലിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിയെങ്കിലും, സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ ജല്ലിക്കെട്ട് നടത്താൻ തമിഴ്‌നാട്ടിലെ സർക്കാർ അനുമതി നൽകുകയായിരുന്നു. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള കേസുകളിൽ കഴിഞ്ഞ വർഷം ഡിസംബറിൽ വാദം പൂർത്തിയായിരുന്നു





