തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ കഴിഞ്ഞതവണത്തെ അപേക്ഷിച്ച് 0.44 ശതമാനം അധികം വിജയം. 68,604 വിദ്യാർഥികൾ എല്ലാവിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 44363 പേർക്കായിരുന്നു എപ്ലസ്. വർധനവ് 24,241.
|
ഏറ്റവും കൂടുതൽ പേർ വിജയിച്ചത് കണ്ണൂർ ജില്ലയിലാണ്. 99.94 ശതമാനമാണ് വിജയം. വിജയശതമാനം ഏറ്റവും കുറവ് വയനാട്ടിൽ. 98.41 ശതമാനമാണ് വിജയം. നൂറ് ശതമാനം വീതം വിജയമുള്ള വിദ്യാഭ്യാസ ജില്ലകൾ പാലായും മൂവാറ്റുപുഴയുമാണ്. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. അവിടെ 4856 വിദ്യാർഥികൾ എ പ്ലസ് നേടി.
വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം99.70ആണ്. 2060 സെന്ററുകളിലായി 4.20 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 417864 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷം 99.26 ശതമാനം ആയിരുന്നു വിജയശതമാനം. മികച്ച വിജയം നേടിയ വിദ്യാർഥികളെയും പിന്തുണ നൽകിയ അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.
ടിഎച്ച്എസ്എൽസി., ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപയേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു. നാലു മണി മുതൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പിആർഡി ലൈവ് മൊബൈൽ ആപ്പിലും വിവിധ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.
ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്.


