29
May 2023
Sun
29 May 2023 Sun

മുസ്‌ലിം യുവാവുമായുള്ള ബിജെപി നേതാവിന്റെ മകളുടെ വിവാഹം ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കി. ഉത്തരാഖണ്ഡിലെ പൗരിയിലെ ബിജെപി നേതാവും മുൻ എംഎൽഎയുമായ യശ്പാൽ ബെനാമിന്റെ മകൾ മോണിക്കയുടെ വിവാഹമാണ് റദ്ദാക്കിയത്. മെയ് 28നായിരുന്നു ഉത്തരാഖണ്ഡിലെ തന്നെ മോനിഷ് എന്ന മുസ്‌ലിം യുവാവുമായി മോണിക്കയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എന്നാൽ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ബിജെപി നേതാക്കളിൽ നിന്നും ഹിന്ദുത്വ സംഘടനകളിൽ നിന്നും സോഷ്യൽമീഡിയയിലും പുറത്തും വൻ വിമർശനവും പ്രതിഷേധവുമാണ് ഉയർന്നത്. ലൗ ജിഹാദാണെന്നും ബിജെപി നേതാവിന്റേത് ഇരട്ടാത്താപ്പാണെന്നുമായിരുന്നു ആരോപണം.

വിവാഹത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ‘മകളുടെ സന്തോഷം കണക്കിലെടുത്തായിരുന്നു തീരുമാനം. പക്ഷേ വിമർശനം ഉയർന്ന പശ്ചാത്തലതിൽ ഇനി പൊതുജനങ്ങളുടെ ശബ്ദം കൂടി കേൾക്കണം. പൗരി നഗരത്തിൽ മെയ് 28ന് നടക്കാനിരുന്ന വിവാഹം റദ്ദാക്കി’- യശ്പാൽ ബെനം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബിജെപി പ്രവർത്തകർക്കൊപ്പം എതിർചേരിയിലുള്ളവരും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തെ എതിർക്കുന്നവർ യശ്പാലിനെയും ബിജെപിയെയും ഇരട്ടത്താപ്പിന്റെ പേരിൽ വിമർശിച്ചപ്പോൾ, ബിജെപി പ്രവർത്തകരും ഹിന്ദുത്വവാദികളും എതിർപ്പുന്നയിച്ചത് അടുത്തിടെ പ്രദർശനത്തിനെത്തിയ ‘ദി കേരള സ്റ്റോറി’ എന്ന വിവാദ സിനിമയുമായി വിവാഹത്തെ താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു.