29
May 2023
Tue
29 May 2023 Tue

കുമളി: മേഘമലയിലെ ഉൾക്കാടുകളിലായിരുന്ന അരിക്കൊമ്പൻ പെരിയാർ കടുവാസങ്കേതത്തിൽ തിരികെയെത്തിയതായി വനംവകുപ്പ്. മുല്ലക്കുടിയിലാണ് ഇപ്പോഴുള്ളത്. പെരിയാർ അതിർത്തിവിട്ട് മേഘമല റേഞ്ചിലേക്ക് കാട്ടാന കടക്കാത്തത് ഇരുസംസ്ഥാനത്തെയും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ആശ്വാസമാണ്. ആവശ്യത്തിന് തീറ്റ കിട്ടുന്നിടത്ത് എത്തിയതിനാലായിരിക്കാം കൊമ്പൻ ഇപ്പോൾ അധികംദൂരം സഞ്ചരിക്കാത്തതെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാലുദിവസം മുമ്പാണ് ആന തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പൻ തകർത്തു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു.

അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്‌നാട് വനം വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല. ആന പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് നാലുദിവസം കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്‌നാട് തള്ളിക്കളയുന്നില്ല. അതിനാൽ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണു നിർദേശിച്ചിരിക്കുന്നത്.