30
May 2023
Wed
30 May 2023 Wed

ന്യൂഡൽഹി: കല്യാണത്തിനനുള്ള തയാറെടുപ്പുകൾ പൂർത്തിയായി മണ്ഡപത്തിലേക്ക് കയറുന്നതിന് തൊട്ടു മുൻപ് ഓടിപ്പോയ വരനെ കിലോമീറ്ററുകൾ പിന്തുടർന്ന് പിടികൂടി തിരികെ കൊണ്ടുവന്നു. വിവാഹത്തിനെത്താതെ മുങ്ങിയ വരനെ തേടി 20 കിലോമീറ്ററാണ് വധു സഞ്ചരിച്ചത്. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം. വിവാഹവസ്ത്രത്തിൽ തന്നെയാണ് വധു വരനെ തേടിയിറങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടരവർഷത്തെ പ്രണയത്തിനൊടുവിലാണ് യുവതിയും യുവാവും വിവാഹിതരാകാൻ തീരുമാനിച്ചത്. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും ചെയ്തു. ഞായറാഴ്ച ബറേലി നഗരത്തിന് പുറത്തുള്ള ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം തീരുമാനിച്ചത്. പക്ഷേ വിവാഹത്തിന്റെ മുഹൂർത്തമെത്തിയിട്ടും വരനെ കാണുന്നില്ല. ഫോൺവിളിച്ചപ്പോൾ അമ്മയെ വേദിയിലേക്ക് കൊണ്ടുവരാൻ പോയതാണെന്നായിരുന്നു മറുപടി. വരൻ മുങ്ങിയതാണെന്ന് മനസ്സിലാക്കിയ വധു വിവാഹ വേഷത്തിൽ തന്നെ വരനെ തേടിയിറങ്ങി. ഏകദേശം 20 കിലോമീറ്റർ ദൂരം പിന്നിട്ടപ്പോൾ ബറേലി നഗരപരിധിക്ക് പുറത്തുള്ള പൊലീസ് സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പിൽ വരനെ കണ്ടെത്തി.

ഒടുവിൽ വധുവും അയാളുടെ കുടുംബവും വരനെ തിരിച്ച് വിവാഹം നടക്കുന്ന ക്ഷേത്രത്തിലെത്തിച്ചു. ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായി. വിവാഹത്തിൻറെ ഫോട്ടോകളും പുറത്തുവന്നു.

അതേസമയം, എന്തിനാണ് വരൻ ഒളിച്ചോടിയത് എന്നകാര്യം വ്യക്തമല്ല. സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.