17
May 2023
Thu
17 May 2023 Thu

ഡല്‍ഹി: പ്രശസ്ത നടനും ദേശീയ അവാര്‍ഡ് ജേതാവുമായ ആശിഷ് വിദ്യാര്‍ത്ഥി 60-ാം വയസില്‍ വീണ്ടും വിവാഹിതനായി. അസം സ്വദേശിനിയും ഫാഷന്‍ രംഗത്തെ വ്യവസായിയുമായ രൂപാലി ബറുവയാണ് വധു. കൊല്‍ക്കത്തയില്‍ വെച്ചാണ് ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ നടന്നത്. സ്‌ക്രീനില്‍ വില്ലനാണെങ്കിലും ജീവിതത്തില്‍ ആശിഷ് നല്ല മനുഷ്യനാണെന്നും അതാണ് തന്നെ അദ്ദേഹത്തിലേയ്ക്ക് അടുപ്പിച്ചതെന്ന് രൂപാലി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഒഡിയ, മറാഠി, ബംഗാളി എന്നീ ഭാഷകളില്‍ ആശിഷ് വിദ്യാര്‍ത്ഥി അഭിനയിച്ചിട്ടുണ്ട്. നടി ശകുന്തള ബറുവയുടെ മകള്‍ രാജോഷി ബറുവയെയാണ് അദ്ദേഹം നേരത്തെ വിവാഹം കഴിച്ചത്. ഇതിനോടകം തന്നെ 11 ഭാഷകളിലായി 300ലധികം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. 1995-ല്‍ തന്റെ ആദ്യ ചിത്രമായ ദ്രോഹ്കാലിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് അദ്ദേഹം സ്വന്തമാക്കി.

അഭിനയത്തിന് പുറമേ ഒരു ദശലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്‌സ് ഉള്ള ഒരു യൂട്യൂബ് ചാനലും ആശിഷ് വിദ്യാര്‍ത്ഥിയ്ക്കുണ്ട്. ഭക്ഷണത്തെക്കുറിച്ചുള്ള വ്‌ലോഗുകളാണ് അദ്ദേഹം പങ്കുവെയ്ക്കാറുള്ളത്. വെങ്കിടേഷ് ദഗ്ഗുബതി, റാണ ദഗ്ഗുബതി, സുചിത്ര പിള്ള, ഗൗരവ് ചോപ്ര, സുര്‍വീന്‍ ചൗള എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന റാണാ നായിഡു എന്ന ക്രൈം വെബ് സീരീസിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. പ്രശാന്ത് നായര്‍, കെവിന്‍ ലുപെര്‍ച്ചിയോ എന്നിവര്‍ രചിച്ച് പ്രശാന്ത് നായരും രണ്‍ദീപ് ഝായും ചേര്‍ന്ന് സംവിധാനം ചെയ്ത നെറ്റ്ഫ്‌ലിക്‌സ് ഒറിജിനല്‍ ട്രയല്‍ ബൈ ഫയര്‍ സീരീസിന്റെ ഭാഗമായിരുന്നു ആശിഷ്.