22
May 2023
Sat
22 May 2023 Sat

അഹമ്മദാബാദ്: ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറിക്കും മോഹിത് ശർമയുടെ അഞ്ച് വിക്കറ്റിനും മുന്നിൽ മുംബൈ ഇന്ത്യൻസ് തകർന്നടിഞ്ഞു. മുംബൈയെ 62 റൺസിന് തകർത്ത് നിലവിലെ നാളെ നടക്കുന്ന ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്‌സാണ് ഗുജറാത്തിന്റെ എതിരാളി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ പടുത്തുയർത്തിയത് 233 റൺസ്. റൺ മല താണ്ടാൻ ഇറങ്ങിയ മുംബൈയുടെ പോരാട്ടം 18.2 ഓവറിൽ 171 റൺസിൽ അവസാനിച്ചു.

2.2 ഓവറിൽ വെറും പത്ത് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ കൊയ്ത വെറ്ററൻ പേസർ മോഹിത് ശർമയുടെ മാരക പേസിനു മുന്നിൽ മുംബൈ വിളറി വെളുത്തു. മുഹമ്മദ് ഷമി, റാഷിദ് ഖാൻ എന്നിവരും രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി.

മുംബൈക്ക് തൊട്ടതെല്ലാം പിഴച്ചു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തത് മുതൽ എല്ലാം. അതിനിടെ ഇഷാൻ കിഷൻ പരിക്കേറ്റ് പുറത്തായതും അവർക്ക് ഇരുട്ടടിയായി. ഗുജറാത്ത് ഇന്നിങ്‌സിനിടെ മൈതാനത്തു വച്ച് ക്രിസ് ജോർദാന്റെ കൈമുട്ടിൽ ഇടിച്ചു കണ്ണിന് പരിക്കേറ്റാണ് താരം ബാറ്റിങിന് ഇറങ്ങാതിരുന്നത്.

234 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഇഷാൻ കിഷന് പകരം ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ നെഹാൽ വധേരയെ (നാല്) ആദ്യ ഓവറിൽ തന്നെ മുഹമ്മദ് ഷമി മടക്കി. പിന്നാലെ മൂന്നാം ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമയും (എട്ട്) കാര്യമായ സംഭാവനകളില്ലാതെ പുറത്തായി.

മുംബൈ പ്രതീക്ഷ കൈവിട്ടെന്ന് തോന്നിച്ച ഘട്ടത്തിൽ തിലക് വർമ തകർത്തടിച്ചതോടെ അവർ പ്രതീക്ഷയിലായി. 14 പന്തിൽ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 43 റൺസെടുത്ത തിലകിനെ ഒടുവിൽ ആറാം ഓവറിലെ അവസാന പന്തിൽ റാഷിദ് ഖാൻ പുറത്താക്കി.

നാലാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ യാദവ് – കാമറൂൺ ഗ്രീൻ സഖ്യം 52 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി മുംബൈ പ്രതീക്ഷ നിലനിർത്തി. 12ാം ഓവറിൽ 20 പന്തിൽ രണ്ട് വീതം സിക്സും ഫോറുമടക്കം 30 റൺസെടുത്ത ഗ്രീനിനെ മടക്കി ജോഷ്വാ ലിറ്റിൽ ഈ കൂട്ടുകെട്ട് പൊളിച്ചതോടെ മുംബൈ വീണ്ടും പ്രതിരോധത്തിലായി.

അപ്പോഴും സൂര്യകുമാർ ക്രീസിലുണ്ടായിരുന്നത് മുംബൈക്ക് പ്രതീക്ഷയായിരുന്നു. പക്ഷേ 15ാം ഓവറിൽ മോഹിത് ശർമയെ രണ്ടാമതും സിക്സർ പറത്താനുള്ള സൂര്യയുടെ ശ്രമം പാളി. പന്ത് ലെ?ഗ് സ്റ്റമ്പ് പിഴുതു മൂളിപ്പറന്നപ്പോൾ മുംബൈയുടെ ആ പ്രതീക്ഷയും അസ്തമിച്ചു. 38 പന്തിൽ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 61 റൺസായിരുന്നു സൂര്യയുടെ സമ്പാദ്യം. അതേ ഓവറിലെ അഞ്ചാം പന്തിൽ വിഷ്ണു വിനോദിനെയും (അഞ്ച്) മോഹിത് മടക്കി.

അവസാന പ്രതീക്ഷയായിരുന്ന ടിം ഡേവിഡിനെ (രണ്ട്) റാഷിദ് ഖാനും പുറത്താക്കി. പിന്നെ ചടങ്ങു തീർക്കൽ മാത്രം. പിയൂഷ് ചൗളയെ സംപൂജ്യനായും ക്രിസ് ജോർദാനെ രണ്ട് റൺസിലും കുമാർ കാർത്തികേയയെ ആറ് റൺസിലും മടക്കി മോഹിത് മുംബൈ പോരാട്ടത്തിന് തിരശ്ശീലയിട്ടു.

നേരത്തെ ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ ഗുജറാത്ത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 233 റൺസ് നേടി. സൂപ്പർ സ്റ്റാർ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഗുജറാത്തിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ഓപ്പണർ വൃദ്ധിമാൻ സാഹ 18 റൺസ് എടുത്ത് പുറത്തായെങ്കിലും അസാധ്യ ഫോമിൽ തുടരുന്ന ശുഭ്മാൻ ഗിൽ തകർത്തടിച്ചു. 60 പന്തിൽ നിന്ന് 129 റൺസാണ് എടുത്താണ് ഗിൽ കളം വിട്ടത്. പത്ത് സിക്സറുകളും ഏഴ് ഫോറും ഗിൽ അടിച്ചുകൂട്ടി. സായ്സുദർശൻ 31 പന്തിൽ നിന്ന് 43 റൺസ് നേടി.

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അക്ഷരാർഥത്തിൽ ശുഭ്മാൻ ഗിൽ സംഹാര താണ്ഡവമാടുകയായിരുന്നു. മുംബൈ ബോളർമാരെ തലങ്ങും വിലങ്ങും ഒരു ദയയുമില്ലാതെയാണ് ഗിൽ അതിർത്തി കടത്തിയത്. 60 പന്തിൽ നിന്ന് 129 റൺസ് എടുത്താണ് ഗിൽ മടങ്ങിയത്. സ്ട്രൈക്ക് റേറ്റ് 215.00.

ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പുറത്താകാത 28 റൺസ് നേടി. 12 പന്തുകൾ നേരിട്ട അദ്ദേഹം രണ്ട് സിക്സറും രണ്ട് ഫോറും പറത്തി. റാഷിദ് ഖാൻ രണ്ട് പന്തിൽ നിന്ന് അഞ്ച് റൺസ് നേടി. മുംബൈക്കായി പിയൂഷ് ചൗളയും അകാശ് മധ്‌വാളും ഓരോ വിക്കറ്റ് വീതം നേടി.