17
May 2023
Tue
17 May 2023 Tue

മുംബൈ: ഇസ്ലാമോഫോബിയയും മുസ്ലിംകൾക്കെതിരായ വിദ്വേഷവും പ്രചരിപ്പിക്കുന്നത് പുതിയ കാലത്ത് ഫാഷൻ ആയി മാറിയെന്ന് ബോളിവുഡ് നടൻ നസീറുദ്ദീൻ ഷാ. ഇസ്ലാമോഫോബിക് കാലഘട്ടത്തിന്റെ ഭയാനകമായ പ്രതിഫലനമാണിതെന്നും നസീറുദ്ദീൻ ഷാ പറഞ്ഞു. കലയിൽ പ്രൊപ്പഗാണ്ട കലർത്തുന്നത് ആശങ്കാജനകമെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യൻ എക്സ്പ്രസി’നു നൽകിയ അഭിമുഖത്തിൽ സിനിമകളെയും ടെലിവിഷൻ ഷോകളെയും പ്രോപഗണ്ടകൾക്കു വേണ്ടി ഉപയോഗിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ബിജെപി സർക്കാരിന്റെ കടുത്ത വിമർശകൻ കൂടിയായ നസീറുദ്ദീൻ ഷാ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിനിമകളിലൂടേയും ചില പരിപാടികളിലൂടേയും തെറ്റായ വിവരങ്ങളും പ്രോപ്പഗാണ്ടകളും ജനങ്ങളിലേക്ക് എത്തിക്കുന്നു. തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ അവർ ഇസ്ലാമോഫോബിയ ഉപയോഗിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഒളിയും മറയുമില്ലാതെ പ്രൊപ്പഗാണ്ട ഉപയോഗിക്കുന്ന ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളത്. വിദ്യാഭ്യാസമുള്ളവർക്കിടയിൽ പോലും മുസ്ലിം വിദ്വേഷം ഇന്നത്തെ കാലത്ത് ഫാഷനാണ്. കേന്ദ്രസർക്കാർ വളരെ സമർത്ഥമായി മുസ്ലിം വിദ്വേഷം ഉണ്ടാക്കിയെടുക്കുന്നതാണെന്നും നസീറുദ്ദീൻ ഷാ പറയുന്നു. മതേതരമായ ജനാധിപത്യ രാജ്യത്തിൽ എന്തിനാണ് എല്ലാത്തിലും മതം കൊണ്ടുവരുന്നതെന്നും നസീറുദ്ദീൻ ഷാ ചോദിച്ചു.

മതം ഉപയോഗിച്ച് വോട്ട് നേടുന്ന രാഷ്ട്രീയക്കാർക്ക് മുമ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിശബ്ദ കാഴ്ച്ചക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘അല്ലാഹു അക്ബർ എന്നു പറഞ്ഞ് ബട്ടൻ അമർത്തൂ’ എന്ന് ഒരു മുസ്ലിം നേതാവ് പറഞ്ഞാൽ എങ്ങനെയുണ്ടാകും? ആകെ കുഴപ്പമാകുമായിരുന്നു.’എന്നാൽ, നമ്മുടെ പ്രധാനമന്ത്രി ഇത്തരം കാര്യങ്ങൾ പറഞ്ഞു മുന്നോട്ടുപോകുന്നു. എന്നിട്ടും തെരഞ്ഞെടുപ്പിൽ തോൽക്കുന്നു. ഇതൊക്കെ ഫലം കാണാത്ത കാലം വരുമെന്നാണ് എന്റെ പ്രതീക്ഷ. പക്ഷെ, ഇപ്പോഴത് ഏറ്റവും ഉച്ചിയിലാണ്. ഈ സർക്കാർ വളരെ തന്ത്രപൂർവം ഉപയോഗിക്കുന്ന കാർഡാണിത്. അത് വിജയിക്കുകയും ചെയ്തിട്ടുണ്ട്. എത്രകാലം ഇത് ഫലപ്രദമാകുമെന്ന് കണ്ടറിയുക തന്നെ വേണമെന്നും നസീറുദ്ദീൻ ഷാ കൂട്ടിച്ചേർത്തു.