ഭുവനേശ്വർ: കൊൽക്കത്തയിലെ ഹൗറ സ്റ്റേഷനിൽ നിന്ന് തമിഴ്‌നാട്ടിലെ ചെന്നൈയിലേക്ക് പോകുകയായിരുന്ന കോറോമാണ്ടൽ എക്‌സ്പ്രസ് വെള്ളിയാഴ്ച ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് മലയാളികളും. കൊൽക്കത്തയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് മലയാളികൾ ആശ്രയിക്കുന്ന ട്രെയിനാണ് കോറോമാണ്ടൽ എക്‌സ്പ്രസ്. അപകടത്തിൽപ്പെട്ടത് എത്ര മലയാളികളെന്ന് വ്യക്തമായിട്ടില്ലെങ്കിലും നാലു തൃശൂർ സ്വദേശികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
|
കാരമുക്ക് വിളക്കുംകാൽ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയിൽ കിരൺ, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നീ തൃശൂർ സ്വദേശികളാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. പാടത്തേക്കു മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്കു മറ്റു 2 പേരും ചാടി. ബോഗിയുടെ മുകളിലെ ഗ്ലാസ് പൊട്ടിച്ചാണു വൈശാഖ് പുറത്തുകടന്നത്. ആ സമയം മറ്റുള്ളവരെ കാണാത്തതിനെത്തുടർന്ന് വൈശാഖ് ഉടൻ നാട്ടിലേക്കു വിളിച്ചു. പിന്നീട് മറ്റു 3 പേരെയും കണ്ടുമുട്ടി.
ഒരാളുടെ പല്ലുകൾ തകർന്നു, മറ്റൊരാൾക്ക് കൈയ്ക്കും പരിക്കുണ്ട്. അപകടം നടന്ന സ്ഥലത്തിന് സമീപത്തുള്ള വീട്ടുകാരുടെ സഹായത്തോടെ ഇവർ നാട്ടിലെ കരാറുകാരനുമായി ബന്ധപ്പെട്ടു. ആരുടെയും പരിക്ക് ഗുരുതരമല്ല. കൊൽക്കത്തയിൽ ഒരു ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട് ടൈൽസ് ജോലികൾക്ക് പോയി മടങ്ങുമ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്. ഇവരോടൊപ്പമുണ്ടായിരുന്ന നാലുപേർ കുറച്ചുദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയിരുന്നു. കൊറമാണ്ഡൽ എക്‌സ്പ്രസിൽ ചെന്നൈയിലെത്തി തുടർന്ന് തൃശൂരിലേക്കു വരാനായിരുന്നു ഉദ്ദേശ്യം.
സംഭവത്തിൽ 230ലേറെ പേരാണ് മരിച്ചത്. 900 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 7.30 ഓടെ ബാലസോർ ജില്ലയിലെ ബഹാനാഗ റെയിൽവേ സ്റ്റേഷന് സമീപമാണ് കൂട്ടിയിടി ഉണ്ടായത്.
രണ്ട് ട്രെയിനുകളും ഒരേ ലൈനിൽ എത്തിയെന്നും എക്‌സ്പ്രസ് ട്രെയിൻ ഗുഡ്‌സ് ട്രെയിനിന് മുകളിലൂടെ കയറുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. രണ്ട് ട്രെയിനുകളും ഒരേ ലൈനിൽ എങ്ങനെ എത്തിയെന്ന് കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





