01
Jun 2023
Sat
01 Jun 2023 Sat

ബാലാസോർ: രാജ്യത്തെ നടുക്കി ഒഡീഷ ബാലാസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിൽ ഇതുവരെ 280 പേരാണ് മരിച്ചത്. 1000ഓളം പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നു. രണ്ട് യാത്രാ വണ്ടികളും ഒരു ചരക്കുതീവണ്ടികളും കൂട്ടിയിടിച്ചുണ്ടായ അപകടം അത്യപൂർവമാണ്. ദുരന്തം സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിൽ ഒന്നാണ് വെള്ളിയാഴ്ച ഒഡീഷയിൽ ഉണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച വൈകീട്ട് 6.50 നും 7.10 നും ഇടയിൽ, ഒഡീഷയിലെ ബാലസോറിലാണ് മൂന്ന് ട്രെയിനുകൾ തമ്മിൽ രണ്ട് കൂട്ടിയിടികൾ ഉണ്ടായത്. പാർക്ക് ചെയ്തിരുന്ന ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചതിനെ തുടർന്ന് പാസഞ്ചർ ട്രെയിനായ കോറോമാണ്ടൽ ഷാലിമാർ എക്‌സ്പ്രസ് പാളം തെറ്റി. ഈ സമയം തൊട്ടടുത്ത പാളത്തിലൂടെ വരികയായിരുന്ന മറ്റൊരു ട്രെയിനായ യശ്വന്ത്പൂർ- ഹൗറ സൂപ്പർഫാസ്റ്റ്, പാളം തെറ്റിയ ഷാലിമാർ എക്സ്പ്രസിന്റെ കോച്ചുകളിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കോച്ചുകൾ വായുവിലേക്ക് ഉയർന്നു. ഒരു കോച്ച് മറ്റൊന്നിന് മുകളിലേക്ക് തെറിച്ചുവീണു. രണ്ട് ട്രെയിനുകളുടെയുമായി 17 കോച്ചുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടകാരണം അന്വേഷിക്കാൻ റെയിൽവേ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. ദുരന്തത്തിനു കാരണം സാങ്കേതിക തകരാറാണോ മാനുഷികമായ വീഴ്ചയാണോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

ഗുഡ്‌സ് ട്രെയിനിന്റെ അതേ ട്രാക്കിൽ കോറോമാണ്ടൽ ഷാലിമാർ എക്‌സ്‌പ്രസ് എങ്ങനെ വന്നു എന്നതാണ് അപകടത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി ചോദ്യങ്ങളിലൊന്ന്. സി​ഗ്ന​ൽ നൽകിയതിലെ പിഴവാണ് ഇതിനു കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. മാത്രമല്ല, അപകടമുണ്ടായ റൂട്ടിൽ കവച് സംവിധാനം ഉണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം. ഇക്കാര്യം റെയിൽവേ വക്താവ് അമിതാഭ് ശർമ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ റൂട്ടിൽ കവച് സംവിധാനം ഇല്ലാതെപോയത് എന്നതാണ് മറ്റൊരു ചോദ്യം.

ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനമാണ് കവച്. ഒരു ട്രെയിൻ ഒരു സിഗ്നൽ കടക്കുമ്പോൾ കവച് മുന്നറിയിപ്പ് നൽകുന്നു. ഇക്കാര്യം ലോക്കോ പൈലറ്റിനെ അറിയിക്കാനും ബ്രേക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനും അതേ ട്രാക്കിൽ മറ്റൊരു ട്രെയിൻ ശ്രദ്ധയിൽപ്പെട്ടാൽ ട്രെയിൻ നിർത്താനും ഈ സംവിധാനത്തിന് കഴിയും. സി​ഗ്നൽ തെറ്റായി മറികടക്കുന്നതാണ് ട്രെയിൻ കൂട്ടിയിടികളുടെ പ്രധാന കാരണമെന്നാണ് റിപ്പോർട്ടുകൾ.

കോറോമാണ്ടൽ എക്‌സ്‌പ്രസിന് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് സ്ലീപ്പർ ക്ലാസ് കോച്ചുകൾക്കാണ്. സാധാരണയായി അവധി ദിവസങ്ങളിൽ നിറഞ്ഞിരിക്കുന്ന ഈ കോച്ചുകളിൽ റിസർവ് ചെയ്യാത്ത യാത്രക്കാർ പോലും പ്രവേശിക്കാറുണ്ട്. അതേസമയം, അപകടം എങ്ങനെ സംഭവിച്ചു എന്നത് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഇതു സംബന്ധിച്ച് അന്വേഷണ ശേഷമേ പറയാനാകൂ എന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രതികരണം.