ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ താൽക്കാലികമായി സൂക്ഷിച്ച ബഹനഗ ഗവ. ഹൈസ്‌കൂൾ കെട്ടിടം പൊളിച്ചുനീക്കി. ഇന്നലെയും മിനിയാന്നുമായി ജില്ലാ ഭരണകൂടമാണ് കെട്ടിടം പൊളിച്ചത്. മൃതദേഹം സൂക്ഷിച്ച സ്‌കൂളിൽ പ്രേതങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ കുട്ടികളെ വിടാൻ വിസമ്മതിച്ചതോടെയാണ് കെട്ടിടം പൊളിച്ചത്. സ്‌കൂളിലെ 16 ക്ലാസ് മുറികളിൽ മൃതദേഹം സൂക്ഷിച്ചിരുന്ന ഏഴെണ്ണത്തിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ഈ കെട്ടിടഭാഗമാണ് പൊളിച്ചത്.
|
അപകടത്തിൽ മരിച്ചവരെ സൂക്ഷിക്കാൻ സ്‌കൂൾ താത്കാലിക മോർച്ചറിയാക്കിയിരുന്നു. വേനലവധിക്ക് ശേഷം ജൂൺ 19ന് സ്‌കൂൾ തുറക്കാനിരിക്കുകയാണ്. എന്നാൽ പ്രേതഭയമുള്ളതിനാൽ കുട്ടികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കൾ സംഘടിതമായി അധികൃതരെ അറിയിക്കുകയായിരുന്നു.
മരിച്ചവരുടെ ആത്മാക്കൾ കുട്ടികളെ വേട്ടയാടുമെന്ന ഭയം രക്ഷിതാക്കൾക്ക് ഉണ്ടെന്നാണ് സ്‌കൂൾ അധികൃതരുടെ റിപ്പോർട്ട്. സ്‌കൂൾ ഒരു മോർച്ചറിക്ക് സമാനമായെന്ന് സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗം രാജാറാം മൊഹപത്ര പറഞ്ഞു. ”ഞങ്ങൾ പ്രേതങ്ങളിൽ വിശ്വസിക്കുന്നില്ല. എന്നാൽ ഇവിടെയുള്ള രക്ഷിതാക്കൾ വിശ്വസിക്കുന്നു. മന്ത്രവാദത്തിലുള്ള വിശ്വാസവും ഇവിടെ വ്യാപകമാണ്. സ്‌കൂളിനു സമീപത്ത് താമസിക്കുന്നവർ അർദ്ധരാത്രിക്ക് ശേഷം പല ശബ്ദങ്ങളും കേൾക്കുന്നതായി പറയുന്നു”. രാജാറാം കൂട്ടിച്ചേർത്തു.
അപകടവും തുടർന്നുണ്ടായ സംഭവങ്ങളും വിദ്യാർത്ഥികളെ ഭയപ്പെടുത്തിയെന്നും ക്ലാസുകളിലെത്താൻ വിദ്യാർത്ഥികൾ ഏറെ ഭയപ്പെടുന്നുണ്ടെന്നും പ്രധാനാദ്ധ്യാപകൻ പറഞ്ഞു.
അതേസമയം, പ്രേതങ്ങളെക്കുറിച്ചുള്ള ചിന്തകൾ പകരാതെ ശാസ്ത്രീയ ചിന്ത കുട്ടികൾക്ക് നൽകണമെന്ന് കലക്ടർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ജൂൺ രണ്ടിനാണ് ബാലസോറിൽ മൂന്നു ട്രെയിനുകൾ അപകടത്തിൽപ്പെട്ട് 288 പേർ മരിച്ചത്. അപകടം നടന്നയുടനെ പരുക്കേറ്റവരെയും മരിച്ചവരെയും ആദ്യം എത്തിച്ചത് അരകിലോമീറ്റർ അകലെയുള്ള ബഹനഗ സ്‌കൂളിലേക്കാണ്. പിന്നീട് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൃതദേഹങ്ങൾ ഒരു ദിവസം ഇവിടെ സൂക്ഷിച്ചു. ജൂൺ മൂന്നിന് രാത്രിയാണ് മൃതദേഹങ്ങൾ ഭുവനേശ്വറിലെ വിവിധ മോർച്ചറികളിലേക്കു മാറ്റിയത്.





