29
Jun 2023
Fri
29 Jun 2023 Fri

അഹമ്മദാബാദ്: ബിപോർജോയ് തീവ്രചുഴലിക്കാറ്റിൽ ഗുജറാത്തിൽ ആറുമരണം. ചുഴലിക്കാറ്റിൽ ഗുജറാത്തിൽ കനത്ത മഴയും കാറ്റും കടൽക്ഷോഭവും. കച്ച് സൗരാഷ്ട്ര മേഖലയിൽ പലയിടങ്ങളിലും മരം കടപുഴകി വീണു. ചിലയിടങ്ങളിൽ വീടുകൾ തകർന്നു. ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ വൈകിട്ട് ആറരയോടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. അർധാരാത്രിയോടെ ചുഴലിക്കാറ്റിൻറെ കേന്ദ്രം ഗുജറാത്ത് തീരത്തേക്ക് കടന്നു. 115- മുതൽ 125 കിലോമീറ്റർ വേഗതയിലാണ് ബിപോർ ചുഴലിക്കാറ്റ് വീശിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചുഴലിക്കാറ്റ് സംബന്ധിച്ച വിവരങ്ങൾ ഫോണിലൂടെ ആരാഞ്ഞതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.

940 ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടു. ഇവ പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി. ആകെ ആറുപേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. വ്യാപക കൃഷി നാശമാണ് സംഭവിച്ചത്. നിരവധി മരങ്ങളും ഇലക്ട്രിക്ക് പോസ്റ്റുകളും കടപുഴകി. ഒട്ടേറെ വളർത്തു മൃഗങ്ങളും ചത്തു.

മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റിൽ വീടുകളുടെ മേൽക്കൂരകൾ പറന്നു. കടലിൽ തിരകൾ മൂന്നു മീറ്ററിലേറെ ഉയർന്നു. ഭാവ്നഗറിൽ കുത്തൊഴുക്കിൽ അകപ്പെട്ട ആടുകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും മകനും മരിച്ചു.

മരം വീണ് ദ്വാരകയിൽ മൂന്നാൾക്ക് പരിക്കേറ്റു. രൂപൻ ബേതിൽ കുടുങ്ങിയ 72 പേരെ എൻഡിആർഎഫ് സംഘം രക്ഷിച്ചു. മുന്ദ്രയിൽ അദാനി പവറിന്റെ മുഖ്യ ഓഫീസിന് കേടുപാടുകളുണ്ടായി.

ദേശീയ-സംസ്ഥാന ദുരന്തനിവാരണസേനകളുടെ 27 സംഘങ്ങളാണ് ദുരിതാശ്വാസ പ്രവർത്തനത്തിനുള്ളത്. എട്ടു തീരദേശജില്ലകളിൽ നിന്നായി ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു. 99 തീവണ്ടികൾ പൂർണമായും 39 വണ്ടികൾ ഭാഗികമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ട്. കാറ്റിന്റെ വേഗം നിലവിൽ മണിക്കൂറിൽ 100 കിലോമിറ്റായി മാറി. കാറ്റ് നിലവിൽ രാജസ്ഥാൻ ഭാഗത്തേക്കാണ് സഞ്ചരിക്കുന്നത്. രാജസ്ഥാനിൽ മഴ മുന്നറിയിപ്പുണ്ട്.