ലഖ്‌നൗ: ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര അടയാളത്തിൽ വോട്ട് ചെയ്യാത്തവർക്ക് ലക്ഷ്മി ദേവിയുടെ കോപം ഏൽക്കുമെന്ന ഭീഷണിയുമായി പാർട്ടി എംപി സത്യപാൽ സിങ്. ബിജെപി സംഘടിപ്പിച്ച പൊതുപരിപാടിയുടെ വേദിയിൽ വെച്ച് വോട്ട് തേടുന്നതിനിടെ ബാഗ്പത്തിൽ നിന്നുള്ള എംപിയായ സത്യപാൽ സിങ് ആണ് ഇങ്ങനെ പ്രസംഗിച്ചത്.
|
‘ലക്ഷ്മിയുടെ ഇരിപ്പിടം താമരയാണെന്ന് വേദങ്ങളിൽ എഴുതിയിട്ടുണ്ട്. വീട്ടിൽ ലക്ഷ്മി വേണമെന്ന് ആഗ്രഹിക്കുന്നവർ വീട്ടിൽ താമര വെയ്ക്കണം. ലക്ഷ്മി ദേവിക്ക് വാഹനമോ കാറോ സൈക്കിളോ വേണ്ട. താമര മാത്രം മതി. താമരയുടെ ബട്ടൺ അമർത്തി വോട്ട് ചെയ്യണം.താമരയ്ക്കൊപ്പം ഇല്ലാത്തവരോട് ലക്ഷ്മി ദേവി ദേഷ്യപ്പെടും’, അദ്ദേഹം കൂട്ടിച്ചേർത്തു.ബറൗത്തിൽ ഒരു ഗുണഭോക്തൃ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ബാഗ്പത് ലോക്‌സഭാ സീറ്റിൽ നിന്ന് തുടർച്ചയായി രണ്ടാം തവണയാണ് സത്യപാൽ സിംഗ് തിരഞ്ഞെടുക്കപ്പെട്ടത്. 2014ൽ ജയിച്ച അദ്ദേഹം കേന്ദ്ര മാനവവിഭവശേഷി വകുപ്പ് സഹമന്ത്രിയായിരുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ രണ്ടാം തവണയും അദ്ദേഹം വിജയിച്ചു. ഇതിന് മുമ്പ് രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) നേതാവ് അജിത് സിംഗാണ് ഈ മണ്ഡലത്തിൽ വിജയിച്ചിരുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





